ഭൂമിയുടെ ഹൃദയതാളങ്ങളെ ഒരു പന്തിലേക്ക് ചേര്‍ത്തുനിര്‍ത്തിയ ഫുട്ബോള്‍ മാന്ത്രികന്‍ പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍. ഭൂപടങ്ങളും അതിര്‍ത്തികളും മായ്ച്ച് ലോകജനത നെഞ്ചിലേറ്റിയ ഇതിഹാസതാരം ബ്രസീലിലെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കും.

എഡ്സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെ മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമാണ്. ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കരിയറിലുടനീളം ഗോളുകളടിക്കുന്നത് ഹരമാക്കി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോറര്‍. 92 മത്സരങ്ങളില്‍ 77 ഗോളുകള്‍. ക്ലബ്ബ് കരിയറില്‍ ബ്രസീലിലെ സാന്റോസ്, ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമുകള്‍ക്കുവേണ്ടി കളിച്ചു. 1363 കളികളില്‍ 1279 ഗോളുകള്‍ നേടി. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം.

1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ ട്രെസ് കൊറാക്കോസില്‍ പിറന്ന കുഞ്ഞ്. ഫ്‌ളുമിനെന്‍സ് ക്ലബ്ബിന്റെ ഫുട്ബോള്‍ താരമായിരുന്ന ഡോണ്‍ഡീന്യോയുടെയും സെലസ്റ്റി അരാന്റസിന്റെയും പൊന്നുമോന്‍. പില്‍ക്കാലത്ത് അവന്‍ ലോകത്തിനുമുഴുവന്‍ പ്രകാശംചൊരിഞ്ഞു. ലോകത്തിന്റെ ഹൃദയവികാരവിചാരങ്ങളില്‍ നിറഞ്ഞുനിന്നു.

1957-ല്‍ ബ്രസീലിനുവേണ്ടി ആദ്യമത്സരം കളിച്ചു. 1971-ല്‍ ദേശീയടീമില്‍നിന്ന് വിരമിച്ചു. 1956-1974 കാലത്താണ് സാന്റോസ് ക്ലബ്ബില്‍ കളിച്ചത്. 1975 മുതല്‍ രണ്ട് വര്‍ഷം ന്യൂയോര്‍ക്ക് കോസ്‌മോസില്‍. ബൂട്ടഴിച്ചശേഷവും പൊതുരംഗങ്ങളില്‍ സജീവം.

ദരിദ്രനായി ജനിച്ചു. വര്‍ണവിവേചനത്തിന്റെ ചുറ്റുപാടുകളില്‍ പരിഹാസങ്ങള്‍ കേട്ടു വളര്‍ന്നു. സോക്‌സില്‍ തുണിയും കടലാസുകളും നിറച്ചുണ്ടാക്കിയ പന്തുതട്ടി കളിച്ചു. കുട്ടിത്തം മാറുംമുമ്പേ, അസാമാന്യ പ്രതിഭ തെളിഞ്ഞു. കൗമാരത്തില്‍ ആദ്യ ലോകകിരീടം സ്വന്തമാക്കി. ലോകത്തിന്റെ അതിര്‍ത്തികള്‍ മായ്ച്ച് മുന്നേറി. ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ മനുഷ്യനായി.

ഫുട്ബോളിലെ പ്രകാശഗോപുരവും ലോകത്തിന്റെ സുഗന്ധവുമായ പ്രിയപ്പെട്ട പെലെയ്ക്ക് പിറന്നാള്‍ ഭാവുകങ്ങള്‍...

Content Highlights: Brazil legend Pele celebrates his 80th birthday today