തായ്‌കൊണ്ടോ 58 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ടുണീഷ്യയുടെ മുഹമ്മദ് ഖലീലിനെ കണ്ട് എല്ലാവര്‍ക്കും ഒരു സംശയം. കളി കണ്ടവര്‍ക്കും ഒളിമ്പിക് വില്ലേജിലുള്ളവര്‍ക്കുമെല്ലാം ഈ സംശമയുണ്ട്. ഖലീലിന് ആരുടേയോ മുഖസാദൃശ്യമില്ലേ? ഒടുവില്‍ അതിനുള്ള ഉത്തരവുമെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസും ഖലീലും കാഴ്ച്ചയില്‍ ഒരുപോലെയാണ്.

മത്സരത്തിനുശേഷം 19-കാരനായ ഖലീലിനോട് മാധ്യമപ്രവര്‍ത്തകര്‍ ഈ സാമ്യത്തെ കുറിച്ച് ചോദിച്ചു. അതിന് ഖലീല്‍ നല്‍കിയ മറുപടി രസകരമായിരുന്നു. തന്നെ കാണാന്‍ മുന്‍ ആഴ്‌സണല്‍ താരം മസ്യൂദ് ഓസിലിനെപ്പോലെയുണ്ട് എന്നാണ് ഖലീലിന്റെ അഭിപ്രായം. സുഹൃത്തുകള്‍ അതു പറയാറുണ്ടെന്നും ടുണീഷ്യന്‍ താരം പറയുന്നു.

എത്യോപ്യയുടെ സോളമന്‍ ഡെംസിനേയും സ്വര്‍ണ പ്രതീക്ഷയായിരുന്ന സൗത്ത് കൊറിയയുടെ ജാങ് ജുങ്ങിനേയും തോല്‍പ്പിച്ചാണ് ഖലീല്‍ ഫൈനലിലെത്തിയത്.  ഞായറാഴ്ച്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ വിറ്റോ ഡെല്‍ അക്വിലയ്ക്ക് മുന്നില്‍ ടുണീഷ്യന്‍ താരം തോറ്റു.

Content Highlights: Tunisian Olympic medallist Khalil Jendoubi responds to claims he looks like Bruno Fernandes