2015-ലെ ആ കറുത്ത രാത്രി ജീവനും വാരിപ്പിടിച്ചുകൊണ്ട് ഓടുമ്പോള്‍ ഇന്നത്തെ സാന്‍ഡ അല്‍ഡാസ്സിന്റെ മനസിലെ വിദൂര സ്വപ്നങ്ങളില്‍ പോലും ഒളിമ്പിക്സ് ഉണ്ടായിരുന്നില്ല.

ദമാസ്‌കസിലെ സ്വന്തം പ്രദേശം നിന്നനില്‍പ്പില്‍ ഇല്ലാതാകുന്നത് കണ്ടാണ് ആറു വര്‍ഷം മുമ്പ് സാന്‍ഡ, സിറിയയില്‍ നിന്നും ഭര്‍ത്താവിനും മകനുമൊപ്പം ജീവനും കൊണ്ടോടിയത്.

നെതര്‍ലന്‍ഡ്സിലെ അഭയാര്‍ഥി ക്യാമ്പിലെത്തിയപ്പോഴാണ് ഒപ്പം ഭര്‍ത്താവും മകനും ഇല്ലെന്ന കാര്യം അവള്‍ തിരിച്ചറിയുന്നത്. ജീവനു വേണ്ടിയുള്ള പരക്കംപാച്ചിലിനിടെ അവരെ കാണാതെയായിരുന്നു. ഒമ്പത് മാസത്തോളമാണ് സാന്‍ഡ ക്യാമ്പില്‍ കഴിഞ്ഞത്. അതില്‍ ആറു മാസവും ഭര്‍ത്താവിനെയും മകനെയും കാണാതെ. എല്ലാം കഴിഞ്ഞ് ഒടുവില്‍ ഒന്നിച്ച് ചേര്‍ന്ന് നെതര്‍ലന്‍ഡ്സില്‍ ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ കൂടെക്കൂട്ടാന്‍ അവള്‍ക്ക് ഉണ്ടായിരുന്നത് ചെറുപ്പത്തിലേ ഹൃദയം കീഴടക്കിയ ജൂഡോ മാത്രമായിരുന്നു.

നെതര്‍ലന്‍ഡ്സില്‍ പുതിയ ജീവിതം ആരംഭിക്കുമ്പോഴും സാന്‍ഡയ്ക്ക് തുണയായത് ജൂഡോ തന്നെ. ഭര്‍ത്താവ് ഫാദി ഡാര്‍വിഷ് അറിയപ്പെടുന്ന ജൂഡോ പരിശീലകനായിരുന്നു. വിദ്യാര്‍ഥിയുടെ കുപ്പായം അഴിച്ചുവെച്ച് സാന്‍ഡയും പരിശീലകയുടെ കുപ്പായമെടുത്തണിഞ്ഞതോടെ പുതിയ നാട്ടില്‍ അവര്‍ വേരുറപ്പിക്കാന്‍ തുടങ്ങി.

എങ്കിലും ഭര്‍ത്താവിനു കീഴിലെ പരിശീലനം അവള്‍ മുടക്കിയിരുന്നില്ല. പതിയെ ഒളിമ്പിക്സ് എന്ന വിദൂര സ്വപ്നം ആ മനസിലേക്കെത്തി. ഇതിനിടെ രണ്ടു തവണ ഗര്‍ഭിണിയായ സാന്‍ഡ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ഇതിനാല്‍ പരിശീലനം മുടങ്ങിയെങ്കിലും കൂടുതല്‍ കരുത്തോടെ ആ അമ്മ ജൂഡോയുടെ ലോകത്തേക്ക് തന്നെ മടങ്ങിയെത്തി.

2019-ല്‍ രാജ്യാന്ത ജൂഡോ ഫെഡറേഷന്റെ ക്ഷണമാണ് സാന്‍ഡയ്ക്ക് വഴിത്തിരിവായത്. അഭയാര്‍ഥി അത്ലറ്റുകള്‍ക്കായുള്ള ഒരു പ്രോഗ്രാമിലേക്കായിരുന്നു ക്ഷണം. അവിടെ നിന്നുമാണ് അവള്‍ ടോക്യോ ഒളിമ്പിക്സിനുള്ള അഭയാര്‍ഥി ടീമില്‍ ഇടംപിടിക്കുന്നത്.

ജൂലായ് 26-ന് സെര്‍ബിയയുടെ മാരിക്ക പെരിസിച്ചിനോട് തോറ്റ് ആദ്യ ഒളിമ്പിക്സ് എന്ന സ്വപ്നം അവസാനിച്ച് മടങ്ങുമ്പോഴും സാന്‍ഡ കണ്ണീര്‍ പൊഴിച്ചില്ല. ആറു വര്‍ഷം മുമ്പത്തെ ആ കറുത്ത രാത്രിയെ മറികടന്ന് ടോക്യോയിലെ വെള്ളിവെളിച്ചത്തിലേക്കെത്തിയവള്‍ക്കെങ്ങിനെയാണ് കരയാനാവുക.

Content Highlights: Tokyo 2020 Sanda Aldass escaped a war in Syria now made her Olympic debut