കൈവിരലുകളിലെ നഖങ്ങളില്‍ ഇന്ത്യന്‍ പതാകയിലെ ത്രിവര്‍ണങ്ങള്‍ മനിക ബത്ര ആലേഖനം ചെയ്തിട്ടുണ്ട്. ജീവിതത്തിലോ കളിയിലോ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ അവള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടിരിക്കും. 

ടോക്യോ ഒളിമ്പിക്‌സിന്റെ മൂന്നാം റൗണ്ടില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരമെന്ന റെക്കോഡിലേക്കു മനിക എത്തിയത് ഏഴു ഗെയിമുകള്‍ നീണ്ട കളിക്കൊടുവിലാണ്. മൂന്നാം റൗണ്ടില്‍ ഓസ്ട്രിയന്‍ താരം സോഫിയ പോള്‍ക്കനോവയോടു തോറ്റു മടങ്ങുമ്പോള്‍ രാജ്യം അവളോടു പറയുന്നു, മനോഹരം മനിക.

മന്ന എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മനിക ബത്ര കളിയിലും ജീവിതത്തിലും മനോഹാരിത വേണമെന്ന് ആഗ്രഹിക്കുന്നു. ക്രിക്കറ്റും ടെന്നീസും ഹോബിയാക്കിയ മനിക നൃത്തവും ഫോട്ടോഗ്രഫിയും ജീവിതത്തിനൊപ്പം കൊണ്ടുനടക്കുന്നു. നാലാം വയസ്സില്‍ ടേബിള്‍ ടെന്നീസ് കളിക്കാന്‍ തുടങ്ങിയ മനിക അഞ്ചാം വയസ്സുമുതല്‍ മത്സരരംഗത്തുമുണ്ട്. ടേബിള്‍ ടെന്നീസ് കളിക്കാരിയായ മൂത്ത സഹോദരിയെ കണ്ടാണ് ഈ രംഗത്തെത്തിയതെന്നാണ് മനിക പറയുന്നു.

സന്‍മയ് പരഞ്ജ്പേ എന്ന കോച്ചിനു കീഴിലെത്തിയതോടെയാണ് ലോക നിലവാരത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടേബിള്‍ ടെന്നീസില്‍ സ്വര്‍ണംനേടുന്ന ആദ്യ ഇന്ത്യന്‍ താരമായ മനിക ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരവുമായി. റിയോ ഒളിമ്പിക്‌സില്‍ ആദ്യ റൗണ്ടില്‍ പുറത്തായി.

രണ്ടാം റൗണ്ടില്‍ യുക്രൈന്‍ താരം മാര്‍ഗരറ്റ് പെസോറ്റ്സ്‌കയുമായുള്ള മത്സരമാണ് ടോക്യോയിലെ മറക്കാനാകാത്ത അനുഭവമായി മനിക പറയുന്നത്. ലോക റാങ്കിങ്ങില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പെസോറ്റ്‌സകയെ അട്ടിമറിക്കുകയായിരുന്നു. ആദ്യ രണ്ടു ഗെയിമുകള്‍ 11-4, 11-4 എന്ന നിലയില്‍ നഷ്ടപ്പെടുമ്പോള്‍ രാജ്യത്തെപ്പറ്റിയാണ് ചിന്തിച്ചത്. രാജ്യത്തിനുവേണ്ടി ഏറ്റവും മികച്ചത് നല്‍കണമെന്നു ചിന്തിച്ചപ്പോള്‍ കളിയിലേക്ക് തിരിച്ചെത്താനായെന്നും മനിക പറയുന്നു. 

തന്റെ പ്ലസ് പോയന്റുകളിലൊന്നായ ബാക്ക് ഹാന്‍ഡ് ഷോട്ടുകളുടെ ശക്തിയാണ് മത്സരഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായതെന്നും മനിക പറഞ്ഞു. റാലികളുടെ ഇടയില്‍ പൊടുന്നനെ വേഗവ്യത്യാസം വരുത്തി പ്രത്യാക്രമണം നടത്തുന്ന മനികയുടെ ശൈലിയാണ് പെസോറ്റ്സകയുടെ താളംതെറ്റിച്ചത്. നിര്‍ണായകമായ ഏഴാം ഗെയിമില്‍ പെസോറ്റ്സ്‌ക ഏതാനും മാച്ച് പോയന്റുകള്‍ നേടി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അതിനെ അതിജീവിച്ച് മനിക വിജയതീരമണഞ്ഞു.

Content Highlights: Tokyo 2020 Manika Batra stuns world number 32