രാത്രി ഉറങ്ങാതിരിക്കാന്‍ ആ അമ്മയ്ക്ക് മൂന്ന് കാരണങ്ങളുണ്ടായിരുന്നു. കൊച്ചുവീട്ടിലെ ഇരുട്ടില്‍ എപ്പോഴും തടസ്സപ്പെടുന്ന വൈദ്യുതിയും ഒരിക്കലും തീരാത്ത കൊതുകുകടിയും ഒരുഭാഗത്ത്. ഒരു ക്ലോക്ക് പോലുമില്ലാത്ത ദാരിദ്ര്യത്തില്‍ നേരം പുലരുന്നുണ്ടോയെന്നറിയാന്‍ രാത്രി പലതവണ എഴുന്നേറ്റ് ആകാശത്തേക്ക് നോക്കേണ്ടിവരുമ്പോള്‍ അവര്‍ എങ്ങനെ ഉറങ്ങാനാണ്. 

ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ മത്സരത്തിനൊടുവില്‍ കണ്ണീര്‍ തുളുമ്പി കാഴ്ചകള്‍ മറയുമ്പോഴും റാണി രാംപാല്‍ ആകാശത്തേക്ക് നോക്കിയത് ആ അമ്മയെ ഓര്‍ത്തുതന്നെയാകും. ബ്രിട്ടനോട് തോറ്റ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം മടങ്ങുമ്പോഴും ക്യാപ്റ്റന്‍ റാണി രാംപാലിനോട് പറയാം... നീ തോല്‍ക്കാത്ത റാണി.

''ഇത്ര അരികിലെത്തിയ മെഡല്‍ കൈവിട്ടുപോയതില്‍ വലിയ നിരാശയുണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയാണത്. ഒളിമ്പിക്‌സിലെ വെങ്കലവും നാലാം സ്ഥാനവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പക്ഷേ, എന്നോടൊപ്പമുള്ള ഈ പെണ്‍സംഘത്തിന്റെ പോരാട്ടവീര്യത്തില്‍ അഭിമാനമുണ്ട്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിഞ്ഞു''. മത്സര ശേഷം റാണി പറഞ്ഞു.

ഹരിയാണയിലെ കുരുക്ഷേത്രയിലെ ഷഹ്ബാദില്‍ ജനിച്ച റാണി കുട്ടിക്കാലം മുതലേ കഷ്ടപ്പാടിന്റെ കുരുക്ഷേത്രത്തില്‍ പോരാടുന്ന റാണിയായിരുന്നു. കുടുംബം പുലര്‍ത്താന്‍ ബുദ്ധിമുട്ടുന്ന ഉന്തുവണ്ടിക്കാരനായ അച്ഛന്‍ രാംപാലിന്റെ ദാരിദ്ര്യത്തിനും വീട്ടുവേലക്കാരിയായ അമ്മയുടെ നേടുവീര്‍പ്പുകള്‍ക്കും നടുവിലെ ജീവിതം.

''ദിവസം നൂറ് രൂപയില്‍ താഴെ വരുമാനമുള്ള അച്ഛന് ഹോക്കി സ്റ്റിക്ക് വാങ്ങിത്തരാന്‍ കഴിയില്ലെന്ന് അറിയാവുന്നതിനാല്‍ മൈതാനത്ത് ആരോ ഉപേക്ഷിച്ച തകര്‍ന്ന സ്റ്റിക്ക് എടുത്താണ് ഞാന്‍ കളിച്ചുതുടങ്ങിയത്. ജേഴ്സി വാങ്ങാന്‍ കഴിവില്ലാത്തതിനാല്‍ ചുരിദാറിട്ടാണ് ഗ്രൗണ്ടില്‍ ഇറങ്ങിയത്. ഹോക്കി അക്കാദമിയില്‍ ചേര്‍ന്നപ്പോള്‍ ഓരോ കളിക്കാരനും അര ലിറ്റര്‍ പാല്‍ കൊണ്ടുവരണമെന്ന നിബന്ധനയുണ്ടായിരുന്നു. അമ്മ കഷ്ടപ്പെട്ട് വാങ്ങിത്തന്നിരുന്ന ഇത്തിരി പാലില്‍ വെള്ളം ചേര്‍ത്ത് ഞാന്‍ അര ലിറ്ററാക്കും. മഴ പെയ്യുമ്പോള്‍ വെള്ളം കയറുന്ന ഞങ്ങളുടെ വീട്ടില്‍ വെള്ളത്തിന് ക്ഷാമമൊന്നുമില്ലല്ലോ.'' റാണി തമാശയായി പറഞ്ഞ ഈ കാര്യങ്ങളില്‍ അവളുടെ ജീവിതമുണ്ട്.

ഹോക്കിയിലേക്ക് കൈപിടിച്ചു കയറ്റിയ ബല്‍ദേവ് സിങ് എന്ന പരിശീലകന്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്ന് റാണി പറയുന്നു. ടോക്യോയിലെ മുന്നേറ്റത്തില്‍ കോച്ച് സ്യോദ് മരീന്റെ സ്വാധീനത്തെയും വിലമതിക്കുന്നു. ''കോച്ച് എപ്പോഴും പോസിറ്റീവാണ്. പൂള്‍ മത്സരത്തില്‍ ബ്രിട്ടണോട് തോറ്റതിനെപ്പറ്റി ഇപ്പോള്‍ ഓര്‍ക്കേണ്ടെന്നാണ് കോച്ച് പറഞ്ഞത്. അതൊന്നും ഓര്‍ക്കാതെ ഒളിമ്പിക് മെഡല്‍ എന്ന ലക്ഷ്യത്തോടെ കളിച്ചു. ഒറ്റ ഗോള്‍ വ്യത്യാസത്തിന് ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു സ്വപ്നം തകര്‍ന്നു.'' - റാണി പറഞ്ഞു.

Content Highlights: Tokyo 2020 Indian women s hockey team captain Rani Rampal life story