ടോക്യോ: 2002 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2007-ല്‍ ഷിമിത്ത് അമിന്‍ സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ചക് ദേ ഇന്ത്യ.

ചിത്രം പോലെ തന്നെ അതിലെ പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. ഏത് ഇനത്തിലായാലും ലോക കായിക വേദികളിലെല്ലാം ഇന്ത്യ വന്‍ വിജയങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ മുഴങ്ങിക്കേള്‍ക്കാറുള്ളത് ചിത്രത്തിലെ 'ചക് ദേ... ഓ ചക് ദേ ഇന്ത്യ' എന്ന ഗാനമാണ്.

ഇപ്പോഴിതാ ചിത്രത്തിലേതിന് സമാനമായ ഒരു കുതിപ്പിന്റെ പാതയിലാണ് ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ലോക രണ്ടാം നമ്പറുകാരായ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ്.

തിങ്കളാഴ്ച ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തകര്‍ത്തതിനു പിന്നാലെ ടോക്യോയിലെ നോര്‍ത്ത് പിച്ച് ഒ.ഐ ഹോക്കി സ്‌റ്റേഡിയത്തില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മുഴങ്ങിയതും 'ചക് ദേ... ഓ ചക് ദേ ഇന്ത്യ' എന്ന ഗാനമായിരുന്നു. 

മത്സരത്തില്‍ റഫറി അവസാന വിസില്‍ മുഴക്കിയതിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളും കോച്ചും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം മൈതാനമധ്യത്തിലേക്ക് ഓടിയെത്തിയിരുന്നു. ആരും തന്നെ സ്വപ്‌നം കണ്ടിട്ടില്ലാത്ത ഒരു നേട്ടമാണ് സ്വന്തമാക്കിയതെന്ന് അവര്‍ക്ക് അറിയാമായിരുന്നു. 

മത്സരം കഴിഞ്ഞ പുറത്തെത്തിയ ഇന്ത്യന്‍ ടീമിനെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്നവരെല്ലാം കൈയടിച്ചാണ് സ്വീകരിച്ചത്. ഇതില്‍ ഒിമ്പിക്‌സ് വളണ്ടിയര്‍മാരും ഒഫീഷ്യല്‍സും മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

Content Highlights: Tokyo 2020 Chak De India reverberates inside Oi Stadium