1997-ല്‍ നടന്ന മൈക്ക് ടൈസണും എവന്റര്‍ ഹോളിഫീല്‍ഡും തമ്മിലുള്ള 'ദി ബൈറ്റ് ഫൈറ്റ്'-നെ ഓര്‍മിപ്പിച്ച് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് ഒരു ബോക്‌സിങ് മത്സരം. പുരുഷന്‍മാരുടെ ഹെവിവെയ്റ്റ് വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കന്‍ താരം യൂനുസ് ബാല്ല ന്യൂസീലന്റിന്റെ ഡേവിഡ് നൈകയുടെ ചെവിയില്‍ കടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

മത്സരം കൈവിട്ടുപോകുമെന്ന നിമിഷത്തിലാണ് യൂനുസ് ബാല്ല ചെവി കടിച്ച് വിജയിക്കാന്‍ നോക്കിയത്. എന്നാല്‍ അതെല്ലാം അതിജീവിച്ച് ഡേവിഡ് നൈക ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ യൂനുസിന് കിട്ടിയത് ശ്രീലങ്കന്‍ വനിതാ റഫറി നെല്‍ക്കാ ഷിരോമലയുടെ മുന്നറിയിപ്പും. 

മത്സരശേഷം ഡേവിഡ് നൈക ആ നിമിഷത്തെ കുറിച്ച് സംസാരിച്ചു.' ഭാഗ്യത്തിന് എനിക്ക് ചെവിയില്‍ കടിയേറ്റില്ല. യൂനുസിന്റെ മൗത്ത്ഗാര്‍ഡും എന്റെ ചെവിയിലെ വിയര്‍പ്പുമാണ് എന്നെ രക്ഷിച്ചത്. നേരത്തെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇതേ അനുഭവമുണ്ട്. അന്ന് നെഞ്ചിലായിരുന്നു കടിയേറ്റത്. എന്തൊരു കഷ്ടമാണിത്. ഒളിമ്പിക്‌സിലെ മത്സരമാണെന്നെങ്കിലും എതിരാളി ഓര്‍ക്കേണ്ടേ?' നൈക പറയുന്നു. 

ക്വാര്‍ട്ടറില്‍ ബെലാറസിന്റെ ഉലാദിസ്ലൗ സ്‌മൈലികയാണ് കിവീസ് താരത്തിന്റെ എതിരാളി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ 1992-ന് ശേഷം ന്യൂസീലന്റിന് ബോക്‌സിങ്ങില്‍ ഒരു ഒളിമ്പിക് മെഡല്‍ ലഭിക്കും. 

ദി ബൈറ്റ് ഫൈറ്റ്

1997 ജൂണ്‍ 28-ന് നടന്ന ഡബ്ല്യുബിഎ ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബോ്ക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ എതിരാളി എവന്റര്‍ ഹോളിഫീല്‍ഡിന്റെ ഇരു ചെവിയിലും കടിക്കുകയായിരുന്നു. ഇതോടെ റഫറി മില്‍സ് ലെയ്ന്‍ ടൈസണെ അയോഗ്യനാക്കി. പിന്നീട് 'ദി ബൈറ്റ് ഫൈറ്റ്' എന്നാണ് ഈ മത്സരം ചരിത്രത്തില്‍ അറിയപ്പെട്ടത്.

Content Highlights: Moroccan boxer tries to bite New Zealand opponent's ear Tokyo Olympics