മുംബൈ: ഇന്ത്യന്‍ നീന്തല്‍ താരങ്ങളുടെ ടോക്യോ ഒളിമ്പിക്‌സിലെ പ്രകടനത്തെ വിമര്‍ശിച്ച ആരാധകന് മറുപടിയുമായി ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് വീര്‍ധവാല്‍ ഖാഡെ. ഇന്ത്യന്‍ താരങ്ങളെ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അയക്കരുതെന്നായിരുന്നു രോഹിത് പോള്‍ എന്ന ആരാധകന്റെ വിമര്‍ശനം. യുവ നീന്തല്‍ താരങ്ങളായ മാനാ പട്ടേലിന്റേയും ശ്രീഹരി നടരാജിന്റേയും പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ വിമര്‍ശനം. 

'മികച്ച പ്രകടനം പോലും ആവര്‍ത്തിക്കാന്‍ കഴിയാത്ത താരങ്ങളെ ഒളിമ്പിക്‌സിന് അയക്കരുത്. ഒളിമ്പിക്‌സാണ് എന്ന് ഓര്‍ക്കണം. ഇത് താഴ്ന്ന നിലവാരത്തിലുള്ള ഒരു ടൂര്‍ണമെന്റല്ല. ടുണീഷ്യ പോലുള്ള രാജ്യങ്ങളെയാണ് നമ്മള്‍ കണ്ടുപഠിക്കേണ്ടത്.' ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്. എല്ലാ മത്സരങ്ങളിലും സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും സെഞ്ചുറി അടിച്ചില്ലെങ്കില്‍ അവരെ ബിസിസിഐ ടീമില്‍ നിന്ന് ഒഴിവാക്കുമായിരിക്കും എന്നായിരുന്നു ഖാഡെ മറുപടി നല്‍കിയത്. വീട്ടിലിരുന്ന് അഭിപ്രായം പറയാന്‍ സുഖമാണെന്നും ഖാഡെ ട്വീറ്റില്‍ പറയുന്നു. 

എന്നാല്‍ ഖാഡെയുടെ മറുപടിയില്‍ തൃപ്തനാകാത്ത ആരാധകന്‍ വീണ്ടും ട്വീറ്റുമായെത്തി. 'ക്രിക്കറ്റ് വ്യക്തിഗത മത്സരമല്ല. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ നോക്കൂ, അവര്‍ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് പുറത്തെടുക്കുന്നത്.  ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതിന് മുമ്പ് നന്നായി പരിശീലനം നടത്തണം. ചെറിയ രാജ്യമായ ടുണീഷ്യ വരെ സ്വര്‍ണം നേടി.' 

10 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതിനേക്കാള്‍ എത്രയോ മികച്ചതാണ് ഇപ്പോള്‍ നമ്മുടെ നീന്തലെന്നും അടുത്ത 10 വര്‍ഷം കഴിയുമ്പോള്‍ ഇതിനേക്കാള്‍ മികച്ചതാകുമെന്നും ഖാഡെ ഈ ട്വീറ്റിന് മറുപടിയും നല്‍കി. 

Content Highlights: Maybe consider dropping Virat Swimmer Virdhawal Khade shuts up troll