ടോക്യോ: കൊറോണ ഭീതിമൂലം ഒളിമ്പിക്‌സ് ഉപേക്ഷിക്കുകയോ നീട്ടിവെക്കുകയോ ചെയ്താല്‍ ശതകോടികള്‍ വെള്ളത്തിലാകും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോഴാണ് രോഗഭീതി ഉയര്‍ന്നത്. ഇതോടെ നീട്ടിവെക്കുന്ന ഓരോ ദിവസത്തിനും വന്‍ സാമ്പത്തികബാധ്യതവരും. ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കാമെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ സൂചന നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനംവരെ ഒളിമ്പിക്‌സ് നടത്താന്‍ സമയമുണ്ട്. എന്നാല്‍, ഈ സമയത്തും നടന്നില്ലെങ്കില്‍ ടോക്യോയ്ക്ക് ആതിഥേയാവകാശം നഷ്ടപ്പെട്ടേക്കാമെന്നാണ് ഹാഷിമോട്ടോ പറഞ്ഞത്.

അതേസമയം, ഒളിമ്പിക്‌സിന്റെ വിജയകരമായ നടത്തിപ്പിനുള്ള പ്രവര്‍ത്തനങ്ങളുമായി തങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന് ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാക്ക് അറിയിച്ചു. ലോസാനില്‍ ഐ.ഒ.സി.യുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് മീറ്റിങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്‌സ് തടസ്സപ്പെടുമോ എന്ന മുന്‍വിധിയില്ല. ജൂണില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ബാക്ക് വ്യക്തമാക്കി.

ചെലവ് 91,161 കോടി

2020 ടോക്യോ ഒളിമ്പിക്‌സിന് ഏതാണ്ട് 90,161 കോടി രൂപയുടെ ചെലവ് കണക്കാക്കിയിട്ടുണ്ട്. ടോക്യോയിലെ സംഘാടനത്തിനുള്ള ചെലവാണിത്. വടക്കന്‍ നഗരമായ സപ്പോറോയില്‍ നടക്കുന്ന മാരത്തണ്‍, നടത്തമത്സരങ്ങള്‍ക്കായി 203 കോടി രൂപയുടെ ചെലവുകൂടിയുണ്ട്.

2013 മുതല്‍ 2018 വരെ ഒളിമ്പിക്‌സിനായി ജപ്പാന്‍ സര്‍ക്കാര്‍ 66,000 കോടി രൂപ ചെലവിട്ടതായി ജപ്പാന്‍ ബോര്‍ഡ് ഓഡിറ്റ് വ്യക്തമാക്കി. 10,000 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഗെയിംസ് അനുബന്ധ പ്രവര്‍ത്തനങ്ങളും ചേര്‍ത്താണ് ഈ തുക.

കാണാത്ത കോടികള്‍

അടിസ്ഥാനസൗകര്യങ്ങള്‍ക്കായിട്ടാണ് ഇത്രയും തുക ചെലവിട്ടതെങ്കില്‍ അദൃശ്യമായിക്കിടക്കുന്ന കോടികള്‍ വേറെയുണ്ട്. സ്‌പോണ്‍സര്‍, മീഡിയ, ഇന്‍ഷുറന്‍സ്, ടൂറിസം മേഖലകളിലായി ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് വന്‍നിക്ഷേപം ഇറങ്ങിയിട്ടുണ്ട്. ഒളിമ്പിക്‌സ് കൃത്യസമയത്ത് നടന്നില്ലെങ്കില്‍ ഈ തുക ചെലവിട്ടവരുടെ കൈപൊള്ളും. ആഭ്യന്തര സ്‌പോണ്‍സര്‍ഷിപ്പ് വഴി 22,000 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി ബഹുരാഷ്ട്ര കമ്പനികളുണ്ടാക്കിയ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ക്ക് പുറമേയാണിത്. സംപ്രേഷണാവകാശം നേടിയ ചാനല്‍ ഇതുവരെ 7000 കോടിയോളം രൂപയുടെ കരാറുണ്ടാക്കിക്കഴിഞ്ഞു.

സാമ്പത്തികാഘാതം

ഒളിമ്പിക്‌സ് ഉപേക്ഷിച്ചാല്‍ ജപ്പാന്റെ സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കും. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ജപ്പാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 0.2 ശതമാനം വര്‍ധനയുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. പ്രധാനമായും ടൂറിസം രംഗത്തായിരിക്കും ഇത് പ്രതിഫലിക്കുക. കഴിഞ്ഞവര്‍ഷം 31.9 ദശലക്ഷം വിദേശസഞ്ചാരികള്‍ ജപ്പാനിലേക്കെത്തിയിരുന്നു. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയില്‍ 16,000 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

Content Highlights: Tokyo Olympics could be postponed