മുംബൈ: ടോക്യോ ഒളിമ്പിക്‌സിലെ സ്പ്രിന്റ് സ്വര്‍ണമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നമെന്ന് ജമൈക്കന്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്. കൂട്ടുകാരനും ലോകചാമ്പ്യനുമായ ഉസൈന്‍ ബോള്‍ട്ട് കളമൊഴിഞ്ഞ ശേഷമുള്ള ഒളിമ്പിക്‌സിനെ വികാരപരമായാണ് കാത്തിരിക്കുന്നതെന്നും ബ്ലേക്ക് പറഞ്ഞു. റോഡ് സേഫ്റ്റി ലോക ക്രിക്കറ്റ് സീരീസിന്റെ ജേഴ്‌സി ലോഞ്ചിങ് നിര്‍വഹിക്കാന്‍ മുംബൈയില്‍ എത്തിയതായിരുന്നു ബ്ലേക്ക്.

ബോള്‍ട്ട് ഇല്ലാത്ത ഒളിമ്പിക്‌സ് ലോകത്തിന് വലിയൊരു നഷ്ടമായിരിക്കുമെന്ന് ബ്ലേക്ക് പറഞ്ഞു. ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനായിരുന്നു ബോള്‍ട്ട്. അദ്ദേഹം ട്രാക്കിലുള്ളപ്പോള്‍ ഞാന്‍ എന്നും രണ്ടാമനായിരുന്നു. ബോള്‍ട്ടിനൊപ്പം മത്സരിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വേഗവും ഊര്‍ജവും അപാരമായിരിക്കും. അത് അനുഭവിച്ചറിയാന്‍ കഴിഞ്ഞത് കരിയറില്‍ നിര്‍ണായകമായിരുന്നെന്നും ബ്ലേക്ക് പറഞ്ഞു.

ഒളിമ്പിക്‌സില്‍ ഇരട്ടസ്വര്‍ണം ലക്ഷ്യമിടുമ്പോഴും 200 മീറ്ററിനോട് ഇഷ്ടം കൂടുതലുണ്ടെന്ന് ബ്ലേക്ക് പറഞ്ഞു. 100 മീറ്ററാണ് എല്ലാവരും ഉറ്റുനോക്കുന്ന ഗ്ലാമര്‍ ഇനം. എന്നാല്‍, 200 മീറ്ററില്‍ സ്വര്‍ണം കിട്ടിയാല്‍ എനിക്ക് കൂടുതല്‍ സന്തോഷമാകും. നാലുവര്‍ഷത്തെ കാത്തിരിപ്പാണ് ഒളിമ്പിക്‌സ് വേദിയെ വലിയ സ്വപ്നമാക്കുന്നതെന്നും ബ്ലേക്ക് പറഞ്ഞു.

ടോക്യോ ഒളിസിക്‌സിനുശേഷം ഇന്ത്യയില്‍ പരിശീലനം നല്‍കാന്‍ സാധിച്ചാല്‍ അതു സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ബ്ലേക്ക് പറഞ്ഞു. മികച്ച പരിശീലനവും സൗകര്യങ്ങളും കിട്ടിയാല്‍ ഇന്ത്യയില്‍നിന്ന് അത്ലറ്റുകള്‍ ഉയര്‍ന്നുവന്നേക്കാം. അവരെ ചെറുപ്പത്തിലേ കണ്ടെത്തലാണ് പ്രധാനമെന്നും ബ്ലേക്ക് പറഞ്ഞു.

'ശാന്ത് ഭാരത്, സുരക്ഷിത് ഭാരത്' ട്രസ്റ്റ് ചെയര്‍മാന്‍ രവി ഗെയ്ക്വാദ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റോഡ് സുരക്ഷയുടെ പ്രാധാന്യം എന്ന സന്ദേശവുമായി ലോക ലെജന്‍ഡ്സ് ക്രിക്കറ്റ് സീരീസ് അടുത്തവര്‍ഷം ഫെബ്രുവരിയിലാണ്. ഇന്ത്യയ്ക്കുപുറമേ ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളും പങ്കെടുക്കും. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് തുടങ്ങിയവര്‍ അണിനിരക്കുന്നതാണ് ഇന്ത്യന്‍ ടീം. ഫെബ്രുവരി രണ്ടിന് ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. മുംബൈ, പുണെ എന്നിവിടങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഫെബ്രുവരി 16-ന് നടക്കും.

Content Highlights: Yohan Blake Arrives In India To Promote Road Safety World Series