ടോക്യോ: ഒളിമ്പിക്‌സില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഇന്ത്യന്‍ താരം വന്ദന കതാരിയയും പുതിയൊരു നേട്ടം സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യ നേടിയ നാലുഗോളുകളില്‍ മൂന്നും പിറന്നത് വന്ദനയുടെ ഹോക്കി സ്റ്റിക്കില്‍ നിന്നാണ്. ഇതോടെ വന്ദന പുതിയ റെക്കോഡ് സ്വന്തമാക്കി. ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു ഹോക്കി മത്സരത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ വനിതാതാരം എന്ന നേട്ടമാണ് വന്ദന സ്വന്തമാക്കിയത്. 

29 കാരിയായ വന്ദനയുടെ തകര്‍പ്പന്‍ പ്രകടന മികവില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ഇനി നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ്-ബ്രിട്ടണ്‍ മത്സരത്തിന്റെ ഫലം പോലെയിരിക്കും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. 

മത്സരത്തില്‍ ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ നിന്നും രണ്ട് ഗോളുകള്‍ കണ്ടെത്തിയ താരം നാലാം ക്വാര്‍ട്ടറിലാണ് ഹാട്രിക്ക് നേടിയത്. നേഹ ഗോയലാണ് ഇന്ത്യയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍.

Content Highlights: Vandana Katariya becomes first Indian woman hockey player to score hat-trick at olympics