ടോക്യോ: ലോക കായിക മാമാങ്കത്തിന് ടോക്യോയില്‍ തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കൂടുതല്‍ താരങ്ങള്‍ കോവിഡ് ബാധിതരാകുന്നു.

അമേരിക്കന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരത്തിനാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിനു മുമ്പായുള്ള പരിശീലന ക്യാമ്പിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

ടോക്യോയ്ക്ക് അടുത്തുള്ള ഇന്‍സായ് എന്ന സ്ഥലത്താണ് താരം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച നഗരത്തിലെ ആശുപത്രിയില്‍ നടത്തിയ രണ്ടാം ഘട്ട പരിശോധനയ്ക്ക് ശേഷമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. 

കോവിഡ് ബാധിച്ച ജിംനാസ്റ്റിക്‌സ് താരവുമായി അടുത്തിടപഴകിയ മറ്റൊരു താരം ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലാണ്. ജാപ്പനീസ് വാര്‍ത്താ ഔട്ട്‌ലെറ്റായ ക്യോഡോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ഒളിമ്പിക് വില്ലേജിലും കൂടുതല്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച്ച നടന്ന പരിശോധനയില്‍ ചെക്ക് റിപ്പബ്ലിക്ക് ബീച്ച് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരുസിച്ച് കോവിഡ് പോസിറ്റീവ് ആയിരുന്നു.

ചെക്ക് റിപ്പബ്ലിക്ക് ഒളിമ്പിക് ടീം തലവന്‍ മാര്‍ട്ടിക്ക് ഡൊക്റ്റൊറാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസവും നടത്തുന്ന കോവിഡ് പരിശോധനയിലാണ് പെരുസിച്ചിന് രോഗം സ്ഥിരീകരിച്ചത്. 

ഒളിമ്പിക് വില്ലേജില്‍ രോഗം ബാധിക്കുന്ന നാലാമത്തെയാളാണ് പെരുസിച്ച്. കഴിഞ്ഞ ദിവസം രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ താരങ്ങള്‍ക്കും ഒരു വീഡിയോ അനലിസ്റ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ തബിസോ മോന്യാനെ, കമോഹെലോ മഹ്ലാത്സി എന്നിവര്‍ക്കാണു കോവിഡ് ബാധ കണ്ടെത്തിയത്. ടീമിന്റെ വിഡിയോ അനലിസ്റ്റ് മാരിയോ മാഷയ്ക്കും രോഗം സ്ഥിരീകരിച്ചു.

Content Highlights: United States gymnast tests positive for Covid-19 before Tokyo Olympics