ടോക്യോ: ഇന്ത്യന്‍ ഗുസ്തി താരം രവി കുമാര്‍ ദഹിയക്ക് ഒളിമ്പിക്സ് ഫൈനലിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ സെമി ഫൈനലില്‍ കസാകിസ്താന്‍ താരം നൂറിസ്ലാം സന്‍യേവിനെ മലര്‍ത്തിയടിച്ചതിനൊപ്പം സന്‍യേവിന്റെ പല്ല് ഉപയോഗിച്ചുള്ള ആക്രമണവും ഇന്ത്യന്‍ താരത്തിന് അതിജീവിക്കേണ്ടി വന്നു. 

രവി കുമാറിന്റെ കൈയിലാണ് സന്‍യേവ് കടിച്ചത്. കടിയുടെ ശക്തിയില്‍ കസാക് താരത്തിന്റെ പല്ലിന്റെ പാടുകള്‍ രവിയുടെ കൈയില്‍ പതിഞ്ഞു. മത്സരശേഷം ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇന്ത്യന്‍ താരത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. 

ഒരു ഘട്ടത്തില്‍ 9-2ന് പിന്നിലായിരുന്ന രവിയുടെ തിരിച്ചുവരവിനും മത്സരം സാക്ഷിയായി. ഫൈനലില്‍ റഷ്യന്‍ താരം സൗര്‍ ഉഗ്യേവ് ആണ് രവി ദഹിയയുടെ എതിരാളി. 

നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

Content Highlights: Tokyo Olympics Wrestler Ravi Kumar Dahiya bitten by opponent in Semi final