ടോക്യോ: ഒളിമ്പിക്സ് വനിതാ ഫുട്ബോളിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ കരുത്തരായ ബ്രസീലിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം.

ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്രസീല്‍ വനിതാ ടീം തകര്‍ത്തത്. 

ബ്രസീല്‍ താരം മാര്‍ത്ത ഇരട്ട ഗോളുമായി തിളങ്ങി. തുടര്‍ച്ചയായ അഞ്ചാം ഒളിമ്പിക്‌സിലാണ് താരം ഗോള്‍ നേടുന്നത്. 

മാര്‍ത്തയ്ക്ക് പുറമെ ഡെബിന, ആന്‍ഡ്രെസ്സ, ബിയാട്രിസ് എന്നിവരും ബ്രസീലിനായി സ്‌കോര്‍ ചെയ്തു. 

അതേസമയം മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ അമേരിക്കയെ സ്വീഡന്‍ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അമേരിക്കയുടെ തോല്‍വി. ആദ്യ ഇലവനില്‍ മേഗന്‍ റാപ്പിനോ ഇല്ലാതെയാണ് അമേരിക്ക ഇറങ്ങിയത്. 

44 മത്സരങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ വനിതാ ടീം ഒരു മത്സരം പരാജയപെടുന്നത്. ലോകത്തെ തന്നെ മികച്ച വനിതാ ഫുട്ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന നിരയാണ് അമേരിക്ക. 

ബ്ലാക്ക്‌സ്റ്റെനിയസ് സ്വീഡനായി ഇരട്ട ഗോള്‍ നേടി. ഹര്‍ട്ടിഗാണ് മറ്റൊരു ഗോള്‍ സ്‌കോറര്‍.

ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ബ്രിട്ടന്‍ ചിലിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. എല്ലെന്‍ വൈറ്റാണ് ബ്രിട്ടന്റെ രണ്ടു ഗോളുകളും നേടിയത്. 

Content Highlights: Tokyo Olympics Women s football Sweden thrashes USA