ടോക്യോ: ഇരുപത്തിയഞ്ചുകാരിയായ വെനസ്വേലന്‍ താരം യൂലിമര്‍ റോജാസ് ഈ ഒളിമ്പിക്‌സ് ഒരിക്കലും മറക്കില്ല. താന്‍ ജനിക്കുന്നതിനും രണ്ടു മാസം മുമ്പ് യുക്രെയ്ന്‍ താരം ഇനേസ ക്രാവെറ്റ്‌സ് ട്രിപ്പിള്‍ ജമ്പില്‍ സ്ഥാപിച്ച ലോക റെക്കോഡാണ് യൂലിമര്‍ ടോക്യോയില്‍ തിരുത്തിക്കുറിച്ചത്. പിന്നിട്ട ദൂരം 15.67 മീറ്റര്‍. 1995-ലെ ഒളിമ്പിക്‌സില്‍ 15.50 മീറ്ററാണ് യുക്രെയ്ന്‍ താരം ചാടിയത്.

റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ യൂലിമര്‍ ടോക്യോയില്‍ മികച്ച ഫോമിലായിരുന്നു. സ്വര്‍ണം ഉറപ്പായ ശേഷം അവസാന ശ്രമത്തില്‍ താരം ലോക റെക്കോഡിലേക്ക് ചാടുകയായിരുന്നു. ടോക്യോയില്‍ അത്‌ലറ്റിക്‌സില്‍ തിരുത്തിക്കുറിക്കപ്പെടുന്ന ആദ്യ ലോക റെക്കോഡ് കൂടിയാണിത്. 2017, 2019 ലോകചാമ്പ്യന്‍ഷിപ്പുകളിലെ സ്വര്‍ണവും വെനസ്വേലന്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 

'എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ഈ നിമിഷത്തെ വിവരിക്കാന്‍ കഴിയുന്നില്ല. ലോക റെക്കോഡോടു കൂടി ഒളിമ്പിക് സ്വര്‍ണം. ഇത് മനോഹരമായ രാത്രിയാണ്.'മത്സരശേഷം 25-കാരിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. 

ദേശീയ റെക്കോഡ് പ്രകടനം പുറത്തെടുത്ത പോര്‍ച്ചുഗലിന്റെ പാട്രിഷിയ മമോനയ്്ക്കാണ് വെള്ളി. (15.01 മീറ്റര്‍). സ്പാനിഷ് താരം അന പലറ്റെയ്‌റോ (14.87 മീറ്റര്‍) വെങ്കലം സ്വന്തമാക്കി. 

Content Highlights: Tokyo Olympics Venezuela's Yulimar Rojas sets world record to win women's triple jump