ടോക്യോ: ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും. 

ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും വാര്‍ത്താ ഏജന്‍സി ആയ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭാരോദ്വാഹനം 49 കിലോഗ്രാം വിഭാഗത്തില്‍ 210 കിലോഗ്രാം ഉയര്‍ത്തി ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് മീരാബായ് ചാനു ഉയര്‍ത്തിയത്. 194 കിലോഗ്രാമുമായി ഇൻഡൊനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു. 2000-ലെ സിഡ്നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വാഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്.

Content Highlights: Tokyo Olympics Silver medallist Chanu stands chance to get medal upgrade