ടോക്യോ: അത്‌ലറ്റിക്‌സ് മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് നിരാശ. 4x400 മീറ്റര്‍ മിക്‌സഡ് റിലേ ഹീറ്റ്‌സ് റ്റുവില്‍ മത്സരിച്ച ഇന്ത്യ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. രേവതി വീരമണി, ശുഭ വെങ്കിടേഷ്, മുഹമ്മദ് അനസ് യഹ്‌യ, ആരോക്യ രാജീവ് എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. 

മത്സരം പൂര്‍ത്തിയാക്കാനായി ഇന്ത്യ മൂന്നു മിനിറ്റും 19.93 സെക്കന്റുമെടുത്തു. മികച്ച പ്രകടനത്തിന് അടുത്തുപോലും എത്താന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല.

അതേസമയം മികസ്ഡ് റിലേയില്‍ ലോക ചാമ്പ്യന്‍മാരായ യു.എസ്.എയെ അയോഗ്യരാക്കി. ഹീറ്റ്‌സ് വണ്ണില്‍ മത്സരിച്ച യു.എസ്.എ ടെക്‌നിക്കല്‍ റൂള്‍ തെറ്റിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഹീറ്റ്‌സ് വണ്ണില്‍ നിന്ന് അയര്‍ലന്റ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. ദേശീയ റെക്കോഡ് തിരുത്തുന്ന പ്രകടനമാണ് അയര്‍ലന്റ് പുറത്തെടുത്തത്. ബെല്‍ജിയം, ജര്‍മ്മനി,പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ജമൈക്ക, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവരാണ് ഫൈനലിലേക്ക് മുന്നേറിയ മറ്റു രാജ്യങ്ങള്‍. 

Content Highlights: Tokyo Olympics Mixed Relay Indian Team Finishes Last In Heats 2