ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ഓരോ ഇന്ത്യന്‍ താരത്തിനും മികച്ച സമ്മാനത്തുക നല്‍കാന്‍ തയ്യാറായി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വലിയ തുകയാണ് മെഡല്‍ നേടുന്ന താരങ്ങള്‍ക്കായി നല്‍കുക. 

അമേരിക്ക, ജപ്പാന്‍, കാനഡ, ജര്‍മനി, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇറ്റലി, റഷ്യ, നെതര്‍ലന്‍ഡ്‌സ്, ബ്രസീല്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുക. 

സ്വര്‍ണ മെഡല്‍ നേടുന്ന ഹരിയാന, ഉത്തര്‍ പ്രദേശ്, ചത്തീസ്ഗഢ്, ഒഡിഷ, ചണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് ആറുകോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. വെള്ളിമെഡല്‍ നേടുന്ന താരങ്ങള്‍ക്ക് നാലുകോടി രൂപയും വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് രണ്ട് മുതല്‍ രണ്ടര ലക്ഷം വരെ രൂപയും പ്രതിഫലമായി ലഭിക്കും. 

മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണം നേടുന്നവര്‍ക്ക് 75 ലക്ഷവും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 50 ലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് 30 ലക്ഷം രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക.

കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് അഞ്ചുകോടി രൂപയാണ് സമ്മാനമായി ലഭിക്കുക. ഡല്‍ഹി മൂന്നു കോടിരൂപയും സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് നല്‍കും.  

Content Highlights: Tokyo Olympics, Indians to get highest cash award for winning medals