ശനിയാഴ്ച സായാഹ്നത്തില്‍ ബെംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്ക്. രാത്രി അവിടെനിന്ന് ജപ്പാനിലേക്ക്. ഞായറാഴ്ച പ്രഭാതത്തില്‍ ടോക്യോയില്‍ പറന്നിറങ്ങല്‍. ഒളിമ്പിക്‌സ് യാത്രയ്ക്കായി ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് പറന്നുയരുമ്പോള്‍ പ്രതീക്ഷകളുടെ 'ടേക്ക് ഓഫി'ല്‍തന്നെയാണ് രാജ്യവും.

എട്ട് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം. ഹോക്കിയില്‍ അഭിമാനത്തിന്റെ ഫീല്‍ഡിലാണ് ഇന്ത്യ എപ്പോഴും പന്തുരുട്ടിയിരുന്നത്. എന്നാല്‍ 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിലെ സ്വര്‍ണനേട്ടത്തിനുശേഷം ഇതുവരെ ഒരു മെഡല്‍നേട്ടം സാധ്യമായില്ലെന്ന വലിയ നിരാശയുമുണ്ട്. ലോക റാങ്കിങ്ങില്‍ ഇപ്പോള്‍ നാലാം സ്ഥാനത്തുനില്‍ക്കുന്ന ടീം ഇന്ത്യ ഇക്കുറി പക്ഷേ, വലിയ പ്രതീക്ഷയിലാണ്.

Tokyo Olympics Indian Hockey Team to start their journey to Japan

ശ്രീജേഷ് കാവലുണ്ട്

മലയാളിതാരം പി.ആര്‍. ശ്രീജേഷ് കാവല്‍ക്കാരനാകുന്ന പ്രതിരോധനിരയാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. ഗോള്‍ പോസ്റ്റിനു മുന്നില്‍ ശ്രീജേഷ് നില്‍ക്കുമ്പോള്‍ പ്രതിരോധത്തില്‍ ബിരേന്ദ്ര ലക്ര, രൂപീന്ദര്‍പാല്‍ സിങ്, സുരേന്ദര്‍ കുമാര്‍, അമിത് രോഹിഡാസ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് അണിനിരക്കുന്നത്. മധ്യനിരയ്ക്ക് ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നേതൃത്വം നല്‍കും. മുന്നേറ്റത്തില്‍ മന്‍ദീപ് സിങ്ങും ലളിത് കുമാറുമാണ് പ്രധാനികള്‍.

Tokyo Olympics Indian Hockey Team to start their journey to Japan

കോവിഡിലെ മാറ്റങ്ങള്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ 16 അംഗ ടീമിനൊപ്പം മൂന്ന് സ്റ്റാന്‍ഡ് ബൈ കളിക്കാരെക്കൂടി ടീമിനൊപ്പം കൊണ്ടുപോകാന്‍ അനുവാദമുണ്ട്. ഇവരില്‍ രണ്ട് പേര്‍ക്ക് ടീമിനൊപ്പം എപ്പോള്‍ വേണമെങ്കിലും ചേരാന്‍ അവസരമുള്ളതുകൊണ്ട് ഫലത്തില്‍ ഓരോ കളിയിലും 18 അംഗ ടീമിന്റെ സേവനം ലഭ്യമാകും. ഗ്രഹാം റെയ്ഡാണ് ഇന്ത്യന്‍ ടീം പരിശീലകന്‍. പൂള്‍ എയില്‍ ഓസ്ട്രേലിയ, അര്‍ജന്റീന, സ്‌പെയിന്‍, ന്യൂസീലന്‍ഡ്, ജപ്പാന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ.

പ്രതീക്ഷയോടെ പെണ്‍പട

പുരുഷ ടീമിന്റെ സമീപകാല പ്രകടനത്തോട് താരതമ്യം ചെയ്യുമ്പോള്‍ അത്ര ഫോമിലല്ലെങ്കിലും പ്രതീക്ഷയോടെതന്നെയാണ് ഇന്ത്യയുടെ പെണ്‍പടയും ടോക്യോയിലേക്ക് തിരിക്കുന്നത്. റാണി രാംപാല്‍ ക്യാപ്റ്റനായ മധ്യനിരയാണ് ഇന്ത്യന്‍ പെണ്‍ സംഘത്തിന്റെ ഊര്‍ജകേന്ദ്രം. മുന്നേറ്റത്തില്‍ നവനീത് കൗറും വന്ദന കഠാരിയയും മികച്ച ഫോമിലാണ്. മുന്‍ ഡച്ച് താരം സ്യോര്‍ദ് മറൈനാണ് പരിശീലകന്‍. പൂള്‍ എ യില്‍ ഹോളണ്ട്, ബ്രിട്ടന്‍, ജര്‍മനി, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യക്കൊപ്പം.

Content Highlights: Tokyo Olympics Indian Hockey Team to start their journey to Japan