ടോക്യോ: ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയെ ഗോള്‍മഴയില്‍ മുക്കി ഓസ്‌ട്രേലിയ. ഒന്നിനെതിരേ ഏഴ് ഗോളിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്റിനെ തോല്‍പ്പിച്ചെത്തിയ ഇന്ത്യ ഓസീസിന് മുന്നില്‍ തകരുകയായിരുന്നു.

ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി ഇന്ത്യ രണ്ടാം ക്വാര്‍ട്ടറില്‍ മത്സരം കൈവിടുകയായിരുന്നു. മൂന്നു ഗോളുകളാണ് ഇന്ത്യന്‍ വലയിലെത്തിയത്. ഇതോടെ ഓസീസ് 4-0ത്തിന്റെ ലീഡെടുത്തു. മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ രണ്ട് ഗോളടിച്ചപ്പോള്‍ ഇന്ത്യ ഒന്നു തിരിച്ചടിച്ചു. ഇതോടെ സ്‌കോര്‍ 6-1. നാലാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി നേടി ഓസീസ് പട്ടിക പൂര്‍ത്തിയാക്കി. 

ഓസീസിനായി ബ്ലെയ്ക് ഗവേഴ്‌സ് ഇരട്ടഗോള്‍ നേടി. ജോഷ്വാ ബെല്‍റ്റ്‌സ്, ആന്‍ഡ്രു ഫ്‌ളിന്‍ ഒഗില്‍വി, ജെയിംസ് ഡാനിയല്‍ ബെയ്ല്‍, ടിം ബ്രാന്റ്, തോമസ് ജെറമി ഹയ്‌വാര്‍ഡ് എന്നിവരും ഓസീസിനായി ലക്ഷ്യം കണ്ടു. ഇന്ത്യയുടെ ആശ്വാസ ഗോള്‍ ദില്‍പ്രീത് സിങ്ങിന്റെ വകയായിരുന്നു. പൂള്‍ എയിലെ അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി സ്‌പെയിന്‍ ആണ്.

Content Highlights: Tokyo Olympics Hockey Australia defeats India