ടോക്യോ: ഒളിമ്പിക് ഫുട്‌ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ മുന്നേറ്റം. 

ബ്രസീലിനായി റിച്ചാര്‍ലിസണ്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മാത്യൂസ് കുന്‍ഹ ഒരു ഗോള്‍ കണ്ടെത്തി. അല്‍മാരി അബ്ദുള്ളയാണ് സൗദിയുടെ ഗോള്‍ സ്‌കോറര്‍. 

അതേസമയം, ജര്‍മനി ക്വാര്‍ട്ടറിലെത്താതെ പുറത്തായി. അവസാന മത്സരത്തില്‍ ഐവറി കോസ്റ്റിനോട് സമനില വഴങ്ങിയതാണ് ജര്‍മനിക്ക് തിരിച്ചടിയായത്. 67-ാം മിനിറ്റില്‍ ഹെന്റിക്‌സിന്റെ സെല്‍ഫ് ഗോളിലൂടെ ഐവറി കോസ്റ്റ് ലീഡെടുത്തു. 73-ാം മിനിറ്റില്‍ ല്യുവെനിലൂടെ ജര്‍മനി സമനില നേടിയെങ്കിലും വിജയഗോള്‍ കണ്ടെത്താനായില്ല. 

ഗ്രൂപ്പ് ബിയില്‍ ഹോണ്ടുറാസിനെ ഗോള്‍മഴയില്‍ മുക്കിയ കൊറിയയും ക്വാര്‍ട്ടറിലെത്തി. ഹോണ്ടുറാസിനെതിരേ എതിരില്ലാത്ത ആറു ഗോളിനായിരുന്നു കൊറിയയുടെ വിജയം.

Content Highlights: Tokyo Olympics Football Brazil Germany