ടോക്യോ: ഒളിമ്പിക്‌സ് ആവേശം നഷ്ടപ്പെടാതെ പുരോഗമിക്കുമ്പോഴും കോവിഡ് രോഗം ടോക്യോയെ വിടാതെ പിന്തുടരുന്നു. ജൂലായ് മാസത്തെ കണക്കുകള്‍ പ്രകാരം ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെത്തിയ 35 ഗെയിംസ് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആകെ 448815 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. അതില്‍ 90 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 0.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

ടോക്യോയില്‍ രോഗം നന്നായി പടരുന്നുണ്ടെങ്കിലും ഒളിമ്പിക്‌സിനെ അത് ബാധിക്കുന്നില്ലെന്ന് ടോക്യോ ഒളിമ്പിക്‌സ് ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ സി.ഇ.ഒ ആയ ടോഷീരോ മൂട്ടോ അറിയിച്ചു. എല്ലാ ദിവസവും മുപ്പതിനായിരത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും രോഗം സ്ഥിരീകരിക്കുന്നവരെ അതിവേഗത്തില്‍ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ടെന്നും മൂട്ടോ വ്യക്തമാക്കി. 

നിലവില്‍ കായികതാരങ്ങള്‍ക്ക് രോഗം അധികം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒളിമ്പിക് വില്ലേജിലെ മറ്റ് സ്റ്റാഫുകള്‍ക്കും സംഘാടകര്‍ക്കും ജോലിക്കാര്‍ക്കുമെല്ലാം വലിയ തോതില്‍ രോഗം പിടിപെട്ടത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഓഗസ്റ്റ് എട്ടിനാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് സമാപനമാകുക.

Content Highlights: Tokyo Olympics, 35 Games participants tested COVID positive in July