ടോക്യോ: ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റു തുടങ്ങിയപ്പോള്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയത്തുടക്കം. കരുത്തരായ ജര്‍മനിയെ രണ്ടിനെതിരേ നാല് ഗോളിനാണ് ബ്രസീല്‍ കീഴടക്കിയത്. ഹാട്രിക് ഗോള്‍ നേടിയ എവര്‍ട്ടന്‍ താരം റിച്ചാര്‍ലിസണാണ് ബ്രസീലിന്റെ വിജയശില്‍പി. 

മത്സരത്തിന്റെ തുടക്കത്തില്‍ മൂന്നു ഗോള്‍ ലീഡെടുത്ത ബ്രസീലിനെതിരേ രണ്ടാം പകുതിയില്‍ ജര്‍മനിയുടെ ചെറുത്തുനില്‍പ്പ് കണ്ടു. എന്നാല്‍ 63-ാം മിനിറ്റില്‍ അര്‍ണോള്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ജര്‍മനിക്ക് തിരിച്ചടിയായി. 

ഏഴാം മിനിറ്റില്‍ ആന്റണിയുടെ പാസില്‍ നിന്ന് റിച്ചാര്‍ലിസണ്‍ ആദ്യ ഗോള്‍ നേടി. പിന്നീട് 22-ാം മിനിറ്റിലും 30-ാം മിനിറ്റിലും എവര്‍ട്ടണ്‍ താരം ലക്ഷ്യം കണ്ടു. അമിരിയും അചെയുമാണ് ജര്‍മനിക്കായി തിരിച്ചടിച്ചു. ഇതോടെ മത്സരം ആവേശത്തിലായി. 95-ാം മിനിറ്റില്‍ പൊലിനോ ബ്രസീലിനായി നാലാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. 

ഇനി ഐവറികോസ്റ്റും സൗദി അറേബ്യയുമാണ് ബ്രസീലിനായി എതിരാളികള്‍. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ ചാമ്പ്യന്‍മാരാണ് ബ്രസീല്‍. പക്ഷേ ഇത്തവണ നെയ്മറില്ലാതെയാണ് ടീം ടോക്യോയിലെത്തിയിരിക്കുന്നത്.

Content Highlights: Tokyo Olympics 2021 mens football Brazil beats Germany