ടോക്യോ: കോവിഡ് ആശങ്കയില്‍ അവസാനനിമിഷംവരെ അനിശ്ചിതത്വമുണ്ടെങ്കിലും മാനവരാശിയുടെ ഏറ്റവും വലിയ മേളയായ ഒളിമ്പിക്‌സിനായി ടോക്യോ നഗരം ഉണര്‍ന്നു. കാണികളില്ല, ആരവങ്ങളില്ല. എങ്കിലും ആവേശം കുറയില്ലെന്നാണ് പ്രതീക്ഷ.

ആതിഥേയരായ ജപ്പാനും ഓസ്ട്രേലിയയും തമ്മിലുള്ള സോഫ്റ്റ്ബോള്‍ മത്സരത്തോടെ 32-ാമത് ഒളിമ്പിക്‌സിന്റെ ഗെയിംസ് ഇനങ്ങള്‍ ബുധനാഴ്ച തുടങ്ങി. 8-1ന് ജപ്പാന്‍ ജയിച്ചു. വനിതകളുടെ ഫുട്ബോളില്‍ ലോകചാമ്പ്യന്മാരായ അമേരിക്കയെ സ്വീഡന്‍ (3-0) അട്ടിമറിച്ചു.

ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്ലറ്റുകള്‍ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.

ഒരു വര്‍ഷം വൈകി

2020 ജൂലായ് 24-ന് തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സ്, കോവിഡ് വ്യാപനത്തില്‍ നീട്ടുകയായിരുന്നു. 125 വര്‍ഷംനീണ്ട ആധുനിക ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഗെയിംസ് നീട്ടിവെച്ചത് ഇതാദ്യം. ലോകയുദ്ധം കാരണം മൂന്നുവട്ടം ഉപേക്ഷിച്ചിരുന്നു.

വെല്ലുവിളികള്‍ പലതും നേരിട്ടാണ് ടോക്യോ ഒളിമ്പിക്‌സ് ദീപം തെളിയുന്നത്. സംഘാടകസമിതി തലവനായിരുന്ന ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി യോഷിഹിരോ, സ്ത്രീവിരുദ്ധ പ്രസ്താവനയുടെപേരില്‍ രാജിവെച്ചു. കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചു. കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനവും ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമാണ്.

ടോക്യോയിലെ ഒളിമ്പിക്‌സ് വില്ലേജിലടക്കം കോവിഡ് 19 റിപ്പോര്‍ട്ടുചെയ്തു. അവസാനനിമിഷം ഗെയിംസ് ഉപേക്ഷിച്ചുകൂടായ്കയില്ലെന്ന് സംഘാടകസമിതി തലവന്‍ തോഷിറോ മുട്ടോ കഴിഞ്ഞദിവസവും പറഞ്ഞിട്ടുണ്ട്.

മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ

2016 റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ പി.വി. സിന്ധു വെള്ളിയും വനിതാ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലവും നേടിയിരുന്നു. ഇക്കുറി ബോക്‌സിങ്ങില്‍ മേരി കോം, അമിത് പംഗല്‍, ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുണിയ, ഷൂട്ടിങ്ങില്‍ സൗരഭ് ചൗധരി, മനു ഭേക്കര്‍, ഭാരോദ്വഹനത്തില്‍ മിരാബായ് ചാനു തുടങ്ങിയവര്‍ സാധ്യതയിലുണ്ട്. ഹോക്കി, അമ്പെയ്ത്ത് ടീമുകളും പ്രതീക്ഷയിലാണ്. ജാവലിനില്‍ ജൂനിയര്‍ തലത്തില്‍ ലോകറെക്കോഡിട്ട നീരജ് ചോപ്രയിലൂടെ ഇന്ത്യ അത്ലറ്റിക്‌സില്‍ മെഡല്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നവരേറെ.

Content Highlights: Tokyo Olympics 2020 starts friday