ടോക്യോ: കൊറോണ ഭീതിയില്‍ നാളുകള്‍ നീക്കുന്ന ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. കൊറോണയില്‍ ഓരോരുത്തരും ഒറ്റയായിപ്പോകുന്ന കാലത്ത് ലോകത്തിന്റെ മുഴുവന്‍ പ്രതിനിധികളും ഇനി ഒരു വേദിയില്‍ മത്സരിക്കും. ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്.

ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങ് മുന്നോട്ടു നീങ്ങുക എന്ന ആശയമാണ് ഉയര്‍ത്തിപ്പിടിച്ചത്. ട്രെഡ്മില്ലില്‍ പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്‌സറായ അരിസ സുബാട്ടയിലേക്ക് ചൂണ്ടിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് അരിസ സുബാട്ട മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചിരുന്നു. 

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക്് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞുനില്‍ക്കുന്ന പരിപാടികള്‍ നടന്നു. നാഷണല്‍ സ്റ്റേഡിയത്തെ ദീപപ്രഭയിലാക്കി വെടിക്കെട്ടും നടന്നു. 

ഇന്ത്യന്‍ സംഘത്തില്‍ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ബോക്സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി. ഗ്രീസിലൂടെ തുടക്കമിട്ട അത്‌ലറ്റ്‌സ് പരേഡില്‍ അവസാനമെത്തിയ രാജ്യം ജപ്പാനാണ്‌.

ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

Content Highlights: Tokyo Olympics 2020 Opening Ceremony