ഇംഫാല്‍: ടോക്യോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായ മീരാബായ് ചാനു ഇംഫാലിലെ വീട്ടില്‍ തിരിച്ചെത്തി. അച്ഛനേയും അമ്മയേയും കണ്ടതോടെ മീരാബായ് ചാനുവിന് കണ്ണീരടക്കാനായില്ല. ഇരുവരേയും കെട്ടിപ്പിടിച്ച് കരഞ്ഞ് സന്തോഷം പങ്കുവെച്ചു. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം ഒളിമ്പിക്‌സില്‍ ഒരു മെഡലിനായി പ്രയത്‌നിച്ച മീരാബായ് അതിനിടയില്‍ വീട്ടിലെത്തിയത് വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ്. അമ്മ സമ്മാനമായി നല്‍കിയ ഒളിമ്പിക് വളയത്തിന്റെ ആകൃതിയിലുള്ള കമ്മല്‍ അണിഞ്ഞാണ് താരം ടോക്യോയിലെത്തിയത്. ആ കമ്മല്‍ ഭാഗ്യം കൊണ്ടുവരും എന്നായികുന്നു അമ്മയുടെ വിശ്വാസം. 

ടോക്യോയില്‍ നിന്ന് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മീരാബായിക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. അതിനുശേഷം ഇംഫാലിലേക്ക് തിരിച്ച താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ്ങ് എത്തിയിരുന്നു. അവിടെ നിന്ന് തുറന്ന വാഹനത്തില്‍ ആഘോഷത്തോടെ മീരാബായ് വീട്ടിലെത്തി. മണിപ്പൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നോങ്‌പോങ്‌ കാക്ചിങ്ങിലാണ് മീരാബായിയുടെ വീട്.

Content Highlights: Tokyo Olympics 2020 Mirabai Chanu breaks down on meeting parents