ടോക്യേ: ഫുട്‌ബോളില്‍ കരുത്തുകാട്ടി ആതിഥേയരായ ജപ്പാനും നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലും. ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ സെമി ഫൈനലിലെത്തി. 37-ാം മിനിറ്റില്‍ മത്യാസ് കുന്‍ഹയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.

ന്യൂസീലന്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ആതിഥേയര്‍ സെമി ടിക്കറ്റെടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമിനും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു ജപ്പാന്റെ വിജയം.

ഐവറികോസ്റ്റിനെ തോല്‍പ്പിച്ച് സ്‌പെയിനും സെമിയിലെത്തി. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ റാഫ മിറിന്റെ ഹാട്രിക്കില്‍ 5-2നായിരുന്നു സ്‌പെയ്‌നിന്റെ വിജയം. 10-ാം മിനിറ്റില്‍ എറിക് ബെല്ലിയിലൂടെ ഐവറി കോസ്റ്റ് ലീഡെടുത്തു. എന്നാല്‍ 30-ാം മിനിറ്റില്‍ ഡാനി ഒല്‍മോയിലൂടെ സ്‌പെയിന്‍ തിരിച്ചടിച്ചു. 90-ാം മിനിറ്റില്‍ മാക്‌സ് ഗ്രേഡല്‍ ഐവറി കോസ്റ്റിന് വീണ്ടും നല്‍കി. എന്നാല്‍ വിട്ടുകൊടുക്കാതിരുന്ന സ്‌പെയ്‌നിനായി ഇഞ്ചുറി ടൈമില്‍ റാഫ മിര്‍ ലക്ഷ്യം കണ്ടു. ഇതോടെ നിശ്ചിത സമയത്ത് മത്സരം 2-2ന് സമനില ആയി. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. അധികസമയ്ത്ത് സ്‌പെയിന്‍ മൂന്നു ഗോളടിച്ച് ഫോമിലേക്കുയര്‍ന്നു. 

സെമിയില്‍ സ്‌പെയ്‌നിന്റെ എതിരാളികള്‍ ജപ്പാനാണ്. സൗത്ത് കൊറിയ-മെക്‌സിക്കോ മത്സരത്തിലെ വിജയികള്‍ സെമിയില്‍ ബ്രസീലുമായി ഏറ്റുമുട്ടും. 

Content Highlights: Tokyo Olympics 2020 Football Semi Final