ലീഡ് വഴങ്ങാതിരിക്കുക, അറ്റാക്ക് ചെയ്യുക, ഒപ്പം പോസിറ്റീവായിരിക്കുക. ഇതായിരുന്നു ഞായറാഴ്ച പി.വി. സിന്ധുവിന്റെ വിജയമന്ത്രം. സെമിയില്‍ തായ് സുയിങ്ങിനെതിരേ കളിച്ച സിന്ധുവിനെയല്ല ഞായറാഴ്ച കണ്ടത്. സെമിയില്‍ വന്ന തെറ്റുകള്‍ ഇവിടെ ആവര്‍ത്തിച്ചില്ല. നന്നായി ഗൃഹപാഠം ചെയ്ത് പോസിറ്റീവായി കളത്തിലറങ്ങി.

സെമിയില്‍ ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ സിന്ധു ലീഡെടുത്തിരുന്നു. ക്രമേണ ആ ലീഡ് കൈവിട്ടു. എന്നാല്‍, മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ സിന്ധു പ്രത്യേകം ശ്രദ്ധിച്ചു. ലീഡെടുക്കുക മാത്രമല്ല, ചൈനീസ് താരം ഹെ ബിങ് ജിയാവോയെ തന്റെ ഒപ്പമെത്താന്‍ അനുവദിച്ചില്ല. ലീഡ് കൈവിട്ടാല്‍ മെഡല്‍ നഷ്ടമാകുമെന്ന് സിന്ധു തിരിച്ചറിഞ്ഞു. ഇടയ്ക്കിടെ പരിശീലകന്‍ അത് ഓര്‍മിപ്പിച്ചു. ആദ്യ ഗെയിമിന്റെ ഇടവേളയില്‍ പരിശീലകന്‍ ഇക്കാര്യം പറയുന്നത് നമുക്ക് കാണാമായിരുന്നു.

മത്സരത്തില്‍ സിന്ധുവിന്റെ നയം ആക്രമിക്കുക എന്നത് മാത്രമായിരുന്നു. സാധാരണ നീണ്ട റാലികള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന സിന്ധു ചൈനീസ് താരത്തിനെതിരേ നിരന്തരം സ്മാഷുകളുതിര്‍ത്തു. ഈ സ്മാഷുകള്‍ക്ക് മുന്നില്‍ പലപ്പോഴും ബിങ് ജിയാവോയ്ക്ക് ഉത്തരം കിട്ടിയില്ല. ഈ സ്മാഷുകള്‍ നേരിടുന്നതാണ് എതിരാളിയുടെ ദൗര്‍ബല്യമെന്ന് നേരത്തേ മനസ്സിലാക്കിയിട്ടുണ്ടാവണം.

സിന്ധുവിന്റെ ക്രോസ് കോര്‍ട്ട് ഷോട്ടുകളും ക്രോസ് കോര്‍ട്ട് ഡ്രോപ്പുകളും മികച്ചുനിന്നു. ഇങ്ങനെയുള്ള ഡ്രോപ്പുകളും ഷോട്ടുകളും പലപ്പോഴും ബിങ് ജിയാവോയ്ക്ക് അറ്റന്‍ഡ് ചെയ്യാന്‍ പോലും സാധിച്ചില്ല. ബോഡിലൈന്‍ സ്മാഷുകളും എടുത്തുപറയണം. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അത് സിന്ധു പെട്ടെന്ന് പരിഹരിച്ചു. ഈ പോസിറ്റിവിറ്റി മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ നിലനിര്‍ത്തി.

Content Highlights: Tokyo 2020 V Diju on P V Sindhu s olympic medal win