ടോക്യോ: ഒളിമ്പിക്‌സില്‍ ഞായറാഴ്ച നടന്ന പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ഇരട്ട മെഡലുമായി യു.എസ്.എ.

യു.എസ്.എയുടെ ചേസ് കാലിസ് (4:09.42) സ്വര്‍ണം നേടിയപ്പോള്‍ അവരുടെ തന്നെ ജേ ലിതെര്‍ലാന്‍ഡ് (4:10.28) വെള്ളി മെഡല്‍ കരസ്ഥമാക്കി. ഓസ്‌ട്രേലിയയുടെ ബ്രെണ്ടന്‍ സ്മിത്തിനാണ് (4:10.38) വെങ്കലം. 

അതേസമയം വനിതകളുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ജപ്പാന്റെ യുയി ഒഹാഷി (4:32.08) സ്വര്‍ണം നേടി. യു.എസ്.എയുടെ എമ്മ വെയാന്റിനാണ് (4:32.76) വെള്ളി. യു.എസ്.എയുടെ തന്നെ ഹാലി ഫ്‌ളികിംഗര്‍ (4:34.90) വെങ്കലവും സ്വന്തമാക്കി. 

വനിതകളുടെ 4x400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഓസ്‌ട്രേലിയ ലോക റെക്കോഡോടെ സ്വര്‍ണം നേടി. 3:29.69 സമയത്തിലാണ് ഓസ്‌ട്രേലിയ ഫിനിഷ് ചെയ്തത്. 2018 ഏപ്രിലില്‍ ഗോള്‍ഡ് കോസ്റ്റില്‍ ഓസ്‌ട്രേലിയയുടെ തന്നെ 3:30.05 സമയമെന്ന റെക്കോഡാണ് ടോക്യോയില്‍ ഇത്തവണ അവര്‍ക്ക് വഴിമാറിയത്. 

ഈയിനത്തില്‍ കാനഡ (3:32.78) വെള്ളിയും യു.എസ്.എ (3:32.81) വെങ്കലവും നേടി. 

പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ടുണീഷ്യയുടെ അഹമ്മദ് ഹഫ്‌നവോയി സ്വര്‍ണം നേടി. 3:43.36 സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്. ഓസ്‌ട്രേലിയയുടെ ജാക്ക് മഗ്‌ലോഗ്ലിന്‍ (3:43.52) വെള്ളി നേടി. യു.എസ്.എയുടെ കൈറന്‍ സ്മിത്തിനാണ് (3:43.94) വെങ്കലം. 

Content Highlights: Tokyo 2020 U S won the medal in men s 400 meter individual medley race