ടോക്യോ: ഒരു ഒളിമ്പിക്‌സില്‍ ഏഴു മെഡലുകള്‍ നേടുന്ന ആദ്യ വനിതാ നീന്തല്‍ താരമെന്ന റെക്കോഡ് ഇനി ഓസ്‌ട്രേലിയയുടെ എമ്മ മക്വിയോണിന് സ്വന്തം.

ഞായറാഴ്ച വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈിലും 4x100 മീറ്റര്‍ മെഡ്‌ലെ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് എമ്മയുടെ ടോക്യോയിലെ മെഡല്‍ നേട്ടം ഏഴായി ഉയര്‍ന്നത്. 

നാലു സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ ടോക്യോയില്‍ സ്വന്തമാക്കിയത്. 

50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയിലാണ് എമ്മ സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയില്‍ വെങ്കലവും. 

ഇതോടെ ഒരു ഒളിമ്പിക്‌സില്‍ ഏഴു മെഡലുകള്‍ നേടിയ നീന്തല്‍ താരങ്ങളുടെ പട്ടികയില്‍ മൈക്കല്‍ ഫെല്‍പ്‌സ്, മാര്‍ക്ക് സ്പിറ്റ്‌സ്, മാറ്റ് ബിയോണ്‍ഡി എന്നിവര്‍ക്കൊപ്പം ഇടംപിടിക്കാനും 27-കാരിയായ ഈ ബ്രിസ്‌ബെയ്ന്‍ താരത്തിനായി. 

ഒളിമ്പിക്‌സില്‍ ഇതോടെ അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം എമ്മയ്ക്ക് ആകെ 11 മെഡലുകളായി. 

Content Highlights: Tokyo 2020 Swimming-McKeon gets record seventh medal at Tokyo