സ്‌നേഹത്തോടെ മനസ്സില്‍ കൊണ്ടുനടക്കാന്‍ ചില നായകരെ നമുക്ക് ലഭിക്കുന്നത് പെട്ടെന്നാണ്. കഴിഞ്ഞ ദിവസം അങ്ങനെയൊരാളെ എനിക്കും ലഭിച്ചു -ശ്രീജേഷ്. പേരുകൊണ്ടും രൂപംകൊണ്ടും ചേഷ്ടകള്‍കൊണ്ടും നൂറുശതമാനം മലയാളിയായ ഒരു ഹീറോ. ഫുട്ബോള്‍ ഒഴികെയുള്ള കളികളൊന്നും അങ്ങനെ വിടാതെ പിന്തുടരുന്ന ആളൊന്നുമല്ല ഞാന്‍. പക്ഷേ, ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെ? കഴിഞ്ഞദിവസം എന്റെയൊരു സുഹൃത്ത് പറഞ്ഞു: ''മണിപ്പുരിലും അസമിലും നിന്നെല്ലാമുള്ള കായികതാരങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ മെഡലുകള്‍ കിട്ടുന്നു. എന്നിട്ടും ഒരു മലയാളിക്ക് കിട്ടുന്നില്ല.'' അപ്പോഴാണ് അങ്ങനെയൊരു ചിന്ത എനിക്കും ഉണ്ടായത്. അയാളത് പറഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞില്ല.

നമ്മള്‍ കാണുന്നു, കൊച്ചിക്കാരനായ ഒരു ചെറുപ്പക്കാരനിലൂടെ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നു. മെഡലിനായുള്ള മത്സരത്തില്‍ നിര്‍ണായകമായ സേവുകള്‍ നടത്തിയത് നമ്മുടെ ഈ സ്വന്തം ഗോളിയാണ്.

ഏറെ പാരമ്പര്യമുള്ള ഹോക്കിയില്‍ ലഭിക്കുന്ന ഈ മെഡലിന് കൂടുതല്‍ തിളക്കമുണ്ടെന്ന് എന്റെ പരിമിതമായ അറിവുവെച്ച് ഞാന്‍ തിരിച്ചറിയുന്നു. അങ്ങനെ നാടിന്റെ അഭിമാനമുയത്തിയ പോരാട്ടത്തില്‍, വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് മലയാളിയാണെന്ന തിരിച്ചറിവ് ഏറെ സന്തോഷം നല്‍കുന്നു. ശ്രീജേഷ്, നിങ്ങളെച്ചൊല്ലി ഞങ്ങള്‍ അഭിമാനിക്കുന്നു.

Content Highlights: Tokyo 2020 Sreejesh I am proud of you says Mammootty