ടോക്യോ: ടോക്യോയില്‍ വെങ്കല മെഡല്‍ നേടി ഇന്ത്യയ്ക്കായി ചരിത്രമെഴുതിയിരിക്കുകയാണ് ബാഡ്മിന്‍രണ്‍ താരം പി.വി സിന്ധു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത. 

മെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയാല്‍ സിന്ധു ആദ്യം ചെയ്യാന്‍ പോകുന്നത് എന്താകും? ഇപ്പോഴിതാ സിന്ധുവിന്റെ അച്ഛന്‍ പി.വി രമണ അതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഒളിമ്പിക്‌സിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഓഫര്‍ സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം ഐസ്‌ക്രീം കഴിക്കാന്‍ പോകുകയാകും സിന്ധു ചെയ്യുകയെന്നാണ് രമണ പറയുന്നത്. 

ഒളിമ്പിക്‌സിനു മുമ്പ് സിന്ധുവിനോട് മോദി താരത്തിന്റെ ഡയറ്റിനെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്‌ക്രീം ഒഴിവാക്കേണ്ടി വരുന്നതിനെ കുറിച്ച് സിന്ധു പറഞ്ഞു. എന്നാല്‍ മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കാമെന്ന് അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. 

''മികച്ച പ്രോത്സാഹനമാണ് പ്രധാനമന്ത്രി മോദി സിന്ധുവിന് നല്‍കിയത്. നീ പൊയ്‌ക്കോളൂ, തിരിച്ചെത്തിയാല്‍ നമുക്കൊന്നിച്ച് ഐസ്‌ക്രീം കഴിക്കാമെന്നാണ് അദ്ദേഹം സിന്ധുവിനോട് പറഞ്ഞത്. ഇതിനാല്‍ തന്നെ തീര്‍ച്ചയായും അവള്‍ ഇനി അദ്ദേഹത്തിനൊപ്പം പോയി ഐസ്‌ക്രീം കഴിക്കും.'' - രമണ പത്രസമ്മേളനത്തിനിടെ പറഞ്ഞു. 

''അവള്‍ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തിന് അവള്‍ പേരും പ്രശസ്തിയും കൊണ്ടുവന്നു. അവളുടെ കളിയിലുള്ള ഫോക്കസും ജയിക്കാനുള്ള ദാഹവും അപാരമാണ്. മത്സരം നന്നായി ആസ്വദിക്കുകയും ചെയ്യും.'' - രമണ കൂട്ടിച്ചേര്‍ത്തു.

അതേസമയം സിന്ധു സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വെങ്കലമാണെങ്കിലും അത് വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ തകര്‍ത്താണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്.

Content Highlights: Tokyo 2020 PV Sindhu can Now Have Ice-Cream With PM Modi