ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ബുധനാഴ്ച നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു.

ഗ്രൂപ്പ് ജെ-യില്‍ ഹോങ്കോങ് താരം ചെയുങ് എന്‍ഗാന്‍ യിയാണ് എതിരാളി. രാവിലെ 7.30-നാണ് മത്സരം.മൂന്നു താരങ്ങളുള്ള ഗ്രൂപ്പില്‍ കൂടുതല്‍ പോയന്റ് നേടുന്ന താരം പ്രീക്വാര്‍ട്ടറിലെത്തും. സിന്ധുവും ചെയുങ്ങും ആദ്യമത്സരത്തില്‍ ജയിച്ചതിനാല്‍ ഇരുവരും തമ്മിലുള്ള മത്സരവിജയി നോക്കൗട്ട് റൗണ്ടിലെത്തും.

ഇസ്രായേലിന്റെ സെനിയ പൊളികാര്‍പോവയെയാണ് ഇരുവരും ആദ്യമത്സരത്തില്‍ തോല്‍പ്പിച്ചത്. ബാഡ്മിന്റണില്‍ മൂന്നുവീതം താരങ്ങളുള്ള 16 ഗ്രൂപ്പുകളും നാലു താരമുള്ള ഒരു ഗ്രൂപ്പുമാണുള്ളത്. ഓരോ ഗ്രൂപ്പിലെയും വിജയികള്‍ നോക്കൗട്ട് റൗണ്ടിലെത്തും.

ബോക്സിങ് റിങ്ങില്‍ പൂജറാണി

ഈ വര്‍ഷം ദുബായില്‍നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റില്‍ സ്വര്‍ണംനേടിയ ഹരിയാണക്കാരി പൂജറാണിയില്‍നിന്ന് രാജ്യം മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. പൂജറാണി ഒളിമ്പിക്സിലെ ആദ്യപോരാട്ടത്തിന് ബുധനാഴ്ച ഇറങ്ങും. 75 കിലോഗ്രാം പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐചര്‍ക് ചായിബാണ് പൂജയുടെ എതിരാളി.

റോവിങ് പുരുഷ ഡബിള്‍ സ്‌കള്‍സ് സെമിയില്‍ അര്‍ജുന്‍ ലാല്‍ ജതും അരവിന്ദ് സിങ്ങും ഇന്ന് മത്സരിക്കും.

Content Highlights: Tokyo 2020 PV Sindhu and Deepika Kumari in action