''ഇനി സെമി ഫൈനലിനായി ഒരുങ്ങണം. ബ്രിട്ടനെതിരായ മത്സരത്തിനേക്കാളും കടുപ്പമുള്ള പോരാട്ടമാണ് വരുന്നത്'' - ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തിന് ശേഷം ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് പറഞ്ഞു. സെമിയിലെത്തിയതില്‍ വളരെ സന്തോഷമുണ്ട്. കാത്തിരുന്ന നേട്ടമാണ് കൈവന്നതെന്നും ശ്രീജേഷ് കൂട്ടിചേര്‍ത്തു.

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഹോക്കിയില്‍ ഒരു മെഡലിനരികെയെത്തുമ്പോള്‍ ശ്രീജേഷിന്റെ പ്രകടനം ക്വാര്‍ട്ടറിലും നിര്‍ണായകമായി. ബ്രിട്ടനെതിരായ മത്സരത്തില്‍ എട്ടു പെനാല്‍ട്ടി കോര്‍ണറുകളാണ് ശ്രീ നേരിടേണ്ടി വന്നത്. ഇതില്‍ വാര്‍ഡി ലക്ഷ്യം കണ്ടതൊഴിച്ച് ഗോളെന്നുറച്ച നാലില്‍ മൂന്നെണ്ണവും രക്ഷപ്പെടുത്തി.

ബ്രിട്ടനെതിരായ മത്സരത്തില്‍ ബോള്‍ പൊസഷനോടെ കളി പിടിക്കാനാണ് പദ്ധതിയെന്നാണ് ശ്രീ മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നു. ''ആദ്യ രണ്ടു ക്വാര്‍ട്ടറുകളില്‍ തന്നെ ലീഡ് നേടാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ബ്രിട്ടന്‍ അറ്റാക്കിങ് ഗെയിമിനു കരുത്തുള്ള സംഘമാണ്. പക്ഷേ പന്ത് അവര്‍ക്കു അധികം നല്‍കാതെ റൊട്ടേറ്റു ചെയ്തു കളിച്ചാല്‍ നമുക്കു അവസരങ്ങള്‍ തുറന്നു കിട്ടും. ന്യൂസീലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇതേ പദ്ധതിയാണ് നമ്മള്‍ ആവിഷ്‌കരിച്ചത്. അതു തന്നെയാണ് ബ്രിട്ടണെതിരെയും കോച്ച് ഗ്രഹാം റീഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാക്കിയെല്ലാം നമുക്കു നോക്കാം.'' മത്സരത്തിനു മുമ്പുള്ള ശ്രീജേഷ് വാക്കുകള്‍ സത്യമായി.

Content Highlights: Tokyo 2020 PR Sreejesh about match against Great Britain