ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കാമെന്ന മോഹം പൊലിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധു ഞായറാഴ്ച വെങ്കല മെഡല്‍ പോരാട്ടത്തിനിറങ്ങുന്നു.

വൈകുന്നേരം അഞ്ചിന് നടക്കുന്ന മത്സരത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയാണ് സിന്ധുവിന്റെ എതിരാളി.

ശനിയാഴ്ച വനിതകളുടെ സെമിഫൈനലില്‍ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകളില്‍ (18-21, 12-21) സിന്ധു കീഴടങ്ങുകയായിരുന്നു.

കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിയാതെയാണ് സിന്ധു സെമിയില്‍ കീഴടങ്ങിയത്. മത്സരം 40 മിനിറ്റില്‍ അവസാനിച്ചു. തായ് സു യിങ്ങിനെതിരേ 19 കളിയില്‍ ഇന്ത്യന്‍ താരത്തിന്റെ 14-ാം തോല്‍വി കൂടിയാണ്.

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ സിന്ധു 8-4 നും 11-8 നും മുന്നിലെത്തിയെങ്കിലും 11-11 തായ് സു ഒപ്പംപിടിച്ചു. തുടര്‍ന്ന് ഓരോ പോയന്റിനും കടുത്ത പോരാട്ടം നടന്നു. 18-18 വരെ ഒപ്പത്തിനൊപ്പം പിടിച്ചെങ്കിലും തുടരെ പോയന്റ് നേടി തായ് സു ഗെയിം നേടി.

രണ്ടാം ഗെയിമില്‍ തായ്പേയി താരത്തിന്റെ ആധിപത്യമായിരുന്നു. തുടക്കത്തില്‍ത്തന്നെ ലീഡെടുത്ത താരം സിന്ധുവിന് കാര്യമായ അവസരമൊന്നും നല്‍കാതെ ഗെയിമും മത്സരവും സ്വന്തമാക്കി.

Content Highlights: Tokyo 2020 P V Sindhu has bronze medal match today