ടോക്യോ: വെള്ളിയാഴ്ച ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകര്‍.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള മുന്‍കരുതലുകളാണ് ഇത്തവണ ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്. 

കാണികള്‍ക്ക് വിലക്കുള്ള സ്റ്റേഡിയത്തില്‍ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് 950 പേര്‍ക്ക് പ്രവേശനമുള്ളത്. ടോക്യോ ഒളിമ്പിക്‌സ് തലവന്‍ ഹൈഡെമസ നകമുറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച 4.30-ന് നടക്കും. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് എട്ടിന് സമാപിക്കും.

അതേസമയം ഒളിമ്പിക് വില്ലേജില്‍ പുതുതായി 11 പേര്‍ കൂടി കോവിഡ് പോസിറ്റീവായതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ വില്ലേജില്‍ ആകെ രോഗബാധിതരായവരുടെ എണ്ണം 86 ആയി.

Content Highlights: Tokyo 2020 only 950 people to watch Olympics opening ceremony