ടോക്യോ: കോവിഡ് 19 ഭീഷണി കണക്കിലെടുത്ത് ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കുടുക്കാന്‍ ഇന്ത്യന്‍ സംഘത്തില്‍ നിന്ന് സമ്മതം മൂളിയത് 28 അത്‌ലറ്റുകള്‍ മാത്രം. 

വെള്ളിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 8:30-നാണ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ്. 

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള അത്‌ലറ്റുകളോട് സമ്മതപത്രം നല്‍കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 28 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയതെന്ന് ഐ.ഒ.സി അറിയിച്ചു.

ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ആറ് ഒഫീഷ്യല്‍സും ചടങ്ങില്‍ പങ്കെടുക്കും. 

ഇന്ത്യയില്‍ നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഒമ്പതു മലയാളികളുണ്ട്.

അതേസമയം അടുത്ത ദിവസങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട താരങ്ങളോട് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഐ.ഒ.സി നിര്‍ദേശിച്ചിരുന്നു. ഇക്കാരണത്താലാണ് ഷൂട്ടിങ്, അമ്പെയ്ത്ത് താരങ്ങള്‍ മാറിനില്‍ക്കുന്നത്. 

കോവിഡ് ഭീഷണി കണക്കിലെടുത്ത് 50 പേരെ മാത്രമേ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ഐ.ഒ.സി ഉദ്ദേശിച്ചിരുന്നുള്ളൂ. 

അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യു.എസ് പ്രഥമ വനിത ജില്‍ ബിഡന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കാണികള്‍ക്ക് വിലക്കുള്ള സ്റ്റേഡിയത്തില്‍ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് 950 പേര്‍ക്ക് പ്രവേശനമുള്ളത്. ടോക്യോ ഒളിമ്പിക്‌സ് തലവന്‍ ഹൈഡെമസ നകമുറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

Content Highlights: Tokyo 2020 only 28 Indian athletes give consent to attend opening ceremony