ടോക്യോ: ഷൂട്ടിങ് റേഞ്ചില്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് നിരാശ.

ചൊവ്വാഴ്ച നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി-മനു ഭേക്കര്‍ സഖ്യത്തിന് ഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചില്ല.

യോഗ്യതാ റൗണ്ടില്‍ ആദ്യ സ്‌റ്റേജില്‍ 582 പോയന്റുമായി ഒന്നാം സ്ഥാനക്കാരായാണ് സഖ്യം മുന്നേറിയത്. സൗരഭ് തകര്‍പ്പന്‍ ഫോമിലായിരുന്നു മൂന്ന് ഷോട്ടില്‍ 98, 100, 98 എന്നിങ്ങനെ പോയന്റുകള്‍ നേടിയായിരുന്നു കുതിപ്പ്. മനുവാകട്ടെ 97, 94, 95 പോയന്റുമായി ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു. 

പക്ഷേ രണ്ടാം സ്റ്റേജില്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടതോടെ ഇന്ത്യന്‍ ജോഡിക്ക് പിഴച്ചു. സൗരഭ് രണ്ട് ഷോട്ടുകളില്‍ നിന്ന് 96, 98 എന്നിങ്ങനെ 194 പോയന്റുകള്‍ നേടിയപ്പോള്‍ മനുവിന് നേടാനായത് 92, 94 ഷോട്ടുകളിലൂടെ 186 പോയന്റ് മാത്രം. ഇതോടെ ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് വീണു. 

10 മീറ്റര്‍ വ്യക്തിഗത വിഭാഗത്തില്‍ ഇരുവരും രണ്ടാം റാങ്കുകാരാണ്. ടോക്യോയില്‍ സൗരഭ് ഈയിനത്തില്‍ ഫൈനല്‍ റൗണ്ടില്‍ കടന്നിരുന്നു. വനിതാ വിഭാഗത്തില്‍ നന്നായി തുടങ്ങിയ മനു ഭേക്കറിന് പിസ്റ്റളിലെ തകരാറാണ് തിരിച്ചടിയായത്.

Content Highlights: Tokyo 2020 Manu Bhaker-Saurabh Chaudhary disappoint