നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ നീളമുണ്ടെന്ന് തോന്നിപ്പോയ ഒരു ദിവസം. ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള തീപാറുന്ന പോരാട്ടം തീരുംവരെ നെഞ്ചില്‍ സമ്മര്‍ദങ്ങളുടെ കനവുമായി ഇരിക്കുകയായിരുന്നു ഞാന്‍. ഒടുവില്‍ നിമിഷാര്‍ധങ്ങളുടെ ഇഴകീറി ആ വിജയമുഹൂര്‍ത്തം മുന്നില്‍വന്നപ്പോള്‍ എല്ലാംമറന്ന് ആര്‍പ്പുവിളിച്ചുപോയി. ശ്രീജേഷിന്റെ ഹോക്കി സ്റ്റിക്ക് വിജയഭേരി മുഴക്കി വായുവില്‍ ഉയര്‍ന്നപ്പോള്‍ ഞാനും 49 വര്‍ഷംമുമ്പത്തെ ആ വിജയത്തെക്കുറിച്ച് ചിന്തിച്ചുപോയി.

അന്നും നമ്മുടെ രാജ്യം ഹോക്കിയില്‍ വെങ്കലം നേടിയിരുന്നു. മ്യൂണിക്കിലെ മൈതാനത്ത് ഗോള്‍മണത്തുവന്ന ചീറ്റപ്പുലികളായ എതിരാളികളെ തടുത്തുനിര്‍ത്തിയതും മറ്റൊരു മലയാളിയായിരുന്നു. കണ്ണൂര്‍ക്കാരനായ മാനുവല്‍ ഫ്രെഡറിക്‌സ്. ചരിത്രത്തിന്റെ സുന്ദരമായ തനിയാവര്‍ത്തനം.

മത്സരത്തിലുടനീളം ശ്രീജേഷിന്റെ സ്റ്റിക്ക് വന്‍മതിലായി പ്രതിരോധം തീര്‍ക്കുന്ന കാഴ്ച ആനന്ദമുണ്ടാക്കുന്നതായിരുന്നു. വീരോചിതമായ പോരാട്ടം. ഒരു യഥാര്‍ഥ പടയാളിയുടെ മുഖം. ആ ഓരോ നിമിഷങ്ങളും മുന്നിലെ സ്‌ക്രീനിലൂടെ ഓടിപ്പോവുമ്പോള്‍ എന്റെയുള്ളിലെ മലയാളി തുള്ളിച്ചാടി. ഒടുവില്‍ നമ്മള്‍ 130 കോടിയിലേറെ ജനങ്ങളുടെ ഹൃദയത്തില്‍ ഈ പോരാളികള്‍ വലിയൊരു പ്രകാശം തെളിയിച്ചിരിക്കുന്നു.

മത്സരത്തിന്റെ തുടക്കത്തിലെ ജര്‍മന്‍ മുന്നേറ്റം കണ്ട് സത്യംപറഞ്ഞാല്‍ ചിലപ്പോഴൊക്കെ പ്രത്യാശയറ്റ് ഇരുന്നുപോയിട്ടുണ്ട്. അപ്പോഴൊക്കെ ഗോള്‍ബാറിനു കീഴിലുള്ള ശ്രീജേഷിന്റെ മുഖമാണ് പ്രതീക്ഷതന്നത്. കളി ഓരോ നിമിഷം മുന്നോട്ടുപോവുമ്പോഴും ആ പ്രത്യാശ വിജയത്തിളക്കത്തിലാകുമെന്ന തോന്നലും വളര്‍ന്നുവന്നു. ആദ്യ 25 മിനിറ്റില്‍ എതിരാളികളുടെ ഇടതടവില്ലാത്ത ആക്രമണങ്ങള്‍. മൂന്നു ഗോളടിച്ച് ജര്‍മനി മുന്നിലെത്തിയപ്പോഴും നമ്മള്‍ തിരിച്ചുവരുമെന്നുതന്നെ എന്റെയുള്ളിലെ കളിപ്രേമി പറഞ്ഞുകൊണ്ടിരുന്നു. പ്രാര്‍ഥനയോടെ, പ്രതീക്ഷയോടെ തന്നെയാണ് തുടര്‍ന്നുള്ള നിമിഷങ്ങള്‍ കടന്നുപോയത്. പ്രതീക്ഷ അസ്ഥാനത്തായില്ല. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ പടയാളികള്‍ മുന്നിലെത്തി.

പിന്നീടുള്ള ഓരോ നിമിഷത്തിലും അവര്‍ ആധിപത്യം തുടര്‍ന്നു. എല്ലാത്തിനും പിന്നില്‍ കാവല്‍ഭടനായി നമ്മുടെ ശ്രീജേഷ്. ഒടുവില്‍ ആ കാത്തിരിപ്പ് സഫലമാവുന്നു. ശ്രീജേഷ് വിജയപീഠത്തില്‍ കയറി വെങ്കലപ്പതക്കം നെഞ്ചിലണിയുമ്പോള്‍ ഏതൊരു മലയാളിയേയുംപോലെ എന്നിലും അഭിമാനം നിറയുന്നു. അതേ ശ്രീജേഷ്, താങ്കളാണ് ഇനി ഈ നാടിന്റെ അടയാളം.

Content Highlights: Tokyo 2020 M V Shreyams Kumar on P R Sreejesh