അത്ലറ്റിക്‌സില്‍ ഒളിമ്പിക് ചരിത്രത്തിലെ ആദ്യ മെഡലില്‍ കണ്ണുനട്ട് ഇന്ത്യ തിങ്കളാഴ്ച ഇറങ്ങുന്നു. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ പ്രാഥമിക ഘട്ടത്തില്‍ മികച്ച ദൂരം കണ്ടെത്തിയ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ മെഡല്‍ പ്രതീക്ഷയുമായി ഫൈനല്‍ പോരാട്ടത്തിലുണ്ട്. മത്സരം വൈകീട്ട് 4.30 മുതല്‍.

ശനിയാഴ്ച നടന്ന പ്രാഥമിക റൗണ്ടില്‍ 64 മീറ്റര്‍ എറിഞ്ഞാണ് കമല്‍പ്രീത് ഫൈനലില്‍ എത്തിയത്. ഫെനലില്‍ 12 പേരുണ്ട്. അമേരിക്കയുടെ വലേരി അല്‍മന്‍ മാത്രമേ (66.42 മീറ്റര്‍) പ്രാഥമിക റൗണ്ടില്‍ കമല്‍പ്രീതിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളൂ. ഇവര്‍ രണ്ടുപേര്‍ മാത്രമാണ് നേരിട്ട് ഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍, കരിയറില്‍ 70 മീറ്റര്‍ പിന്നിട്ട രണ്ടുപേര്‍ ഫൈനലിലുണ്ട്. വലേരി മല്‍മാന്‍ (70.01 മീറ്റര്‍), ക്രൊയേഷ്യയുടെ സാന്ദ്ര വെര്‍ക്കോവിക്ക് (71.41 മീറ്റര്‍) എന്നിവര്‍.

ക്യൂബയുടെ യെയ്മി പെരസ് 69.39 മീറ്റര്‍ എറിഞ്ഞിട്ടുണ്ട്. ഈ മൂന്നുപേരെ മാറ്റിനിര്‍ത്തിയാല്‍ ഫൈനലില്‍ മാറ്റുരയ്ക്കുന്നവരുടെയെല്ലാം മികച്ച പ്രകടനം 68 മീറ്ററില്‍ താഴെയാണ്. പഞ്ചാബുകാരിയായ കമല്‍പ്രീത് കഴിഞ്ഞമാസം പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 66.59 എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തിയിരുന്നു.

ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ കരിയറിലെ മികച്ച പ്രകടനം കണ്ടെത്താനായാല്‍ കമല്‍പ്രീതിന് മെഡല്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

Content Highlights: Tokyo 2020 Kamalpreet Kaur prepares to take part in discuss throw final