ടോക്യോ: വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ അവസാന ശ്രമത്തിലാണ് കമല്‍പ്രീത് 64 മീറ്റര്‍ എറിഞ്ഞത്. ആദ്യ ശ്രമത്തില്‍ 60.29 മീറ്റര്‍ എറിഞ്ഞ താരം രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ കണ്ടെത്തി. 

കമല്‍പ്രീത് അടക്കം രണ്ടു താരങ്ങള്‍ മാത്രമാണ് യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞത്. 

അതേസമയം ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ സീമ പുനിയക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. 60.57 മീറ്റര്‍ മാത്രമെറിഞ്ഞ താരം 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 12 പേര്‍ക്കാണ് ഫൈനലിന് യോഗ്യത. തിങ്കളാഴ്ചയാണ് ഫൈനല്‍.

Content Highlights: Tokyo 2020 Kamalpreet Kaur in Discus final