ടോക്യോ: ഒളിമ്പിക് വനിതാ ഹോക്കിയില്‍ ലോക രണ്ടാം നമ്പറുകാരായ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് സെമിയിലെത്തിയതിനു പിന്നാലെ പ്രതികരണവുമായി ഗോള്‍ സ്‌കോറര്‍ ഗുര്‍ജിത്ത് കൗര്‍.

നേരത്തെ ഇന്ത്യന്‍ പുരുഷ ടീമും സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്സിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ഓസ്ട്രേലിയക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ വിജയം. 

''വിജയത്തില്‍ വളരെ സന്തോഷമുണ്ട്. ഈ വിജയത്തിനായി എല്ലാവരും തന്നെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഒത്തൊരുമയോടെ കളിച്ചു. കോച്ചിങ് സ്റ്റാഫ് അടക്കം ഈ ടീം ഒരു കുടുംബം പോലെയാണ്. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും ഞങ്ങള്‍ക്കുണ്ട്.'' - മത്സര ശേഷം ഗുര്‍ജിത്ത് കൗര്‍ പ്രതികരിച്ചു. 

മത്സരത്തിന്റെ 22-ാം മിനിറ്റിലായിരുന്നു ഡ്രാഗ് ഫ്‌ളിക്കറായ ഗുര്‍ജിത്ത് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. ഇന്ത്യയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ താരം സമര്‍ഥമായി വലയിലെത്തിക്കുകയായിരുന്നു.

ഓഗസ്റ്റ് നാലിന് ബുധനാഴ്ച നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളി.

Content Highlights: Tokyo 2020 Indian women s hockey team is like a family says Gurjit Kaur