ടോക്യോ: പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്‌സ് ഫൈനല്‍ കാണാതെ പുറത്ത്. അര്‍ജന്റീനയാണ് ഇന്ത്യയെ കീഴടക്കിയത്. ഫൈനൽ ലക്ഷ്യം വെച്ച് സെമി ഫൈനലില്‍ കളിക്കാനിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു.

അര്‍ജന്റീനയ്ക്ക് വേണ്ടി നായിക മരിയ നോയല്‍ ബരിയോനുവേനോ ഇരട്ട ഗോളുകള്‍ നേടി വിജയശില്‍പ്പിയായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ഗുര്‍ജിത് കൗര്‍ ലക്ഷ്യം കണ്ടു. ഇതോടെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ഒളിമ്പിക് സ്വര്‍ണമെന്ന സ്വപ്നം തകര്‍ന്നു.ഒരു ​ഗോളിന് പിന്നിൽ നിന്നശേഷം രണ്ടു ​ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും.

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനെ നേരിടും. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഇതുവരെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിട്ടില്ല. മറ്റൈാരു സെമിയില്‍ ബ്രിട്ടനെ കീഴടക്കി നെതല്‍ലന്‍ഡും ഫൈനലില്‍ പ്രവേശിച്ചു. 

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ആക്രമിച്ച് കളിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതിന്റെ ഭാഗമായി രണ്ടാം മിനിട്ടില്‍ തന്നെ ഇന്ത്യ പെനാല്‍ട്ടി കോര്‍ണര്‍ നേടിയെടുത്തു. ആദ്യ പെനാല്‍ട്ടി കോര്‍ണറില്‍ നിന്നും തന്നെ ഗോള്‍ കണ്ടെത്തി ഇന്ത്യ അര്‍ജന്റീനയെ ഞെട്ടിച്ചു. പരിചയസമ്പന്നയായ ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ക്വാര്‍ട്ടറില്‍ ഗുര്‍ജിതാണ് ഇന്ത്യയ്ക്ക് വേണ്ടി ഏകഗോള്‍ നേടിയത്. 

ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. പക്ഷേ ഇന്ത്യന്‍ പ്രതിരോധം അവരെ സമര്‍ഥമായി തന്നെ നേരിട്ടു. ആദ്യ ക്വാര്‍ട്ടറില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല.

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ പ്രതിരോധത്തിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. നിരന്തരം ആക്രമിച്ച അര്‍ജന്റീന ഒടുവില്‍ ലക്ഷ്യം കണ്ടു. പെനാല്‍ട്ടി കോര്‍ണറില്‍ നിന്നും 18-ാം മിനിട്ടില്‍ ബരിയോനുവേനോയാണ് അര്‍ജന്റീനയ്ക്കായി സമനില ഗോള്‍ കണ്ടെത്തിയത്. അമിതമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ഇന്ത്യയ്ക്ക് വിനയായത്. 

ഗോള്‍ വഴങ്ങിയതോടെ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി തുടര്‍ച്ചയായി മൂന്ന് പെനാല്‍ട്ടി കോര്‍ണറുകള്‍ നേടിയെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. 

മൂന്നാം ക്വാര്‍ട്ടറില്‍ ഗോള്‍ നേടാനായി ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. മുന്നേറ്റനിര വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുത്തതുമില്ല. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളവസരമാക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിഞ്ഞില്ല. 

എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന മൂന്നാം ക്വാര്‍ട്ടറില്‍ ലീഡെടുത്തു. ഇത്തവണയും നായിക ബരിയോനുവേനോയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. പെനാല്‍ട്ടി കോര്‍ണറില്‍ നിന്നും പന്ത് സ്വീകരിച്ച ബരിയോനുവേനോയുടെ ഷോട്ട് വ്യതിചലിച്ച് പോസ്റ്റില്‍ കയറുകയായിരുന്നു. ഇത് നോക്കി നില്‍ക്കാനേ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ക്ക് സാധിച്ചുള്ളൂ. ഗോള്‍ വഴങ്ങിയതോടെ ഇന്ത്യ പതറി. 

നാലാം ക്വാര്‍ട്ടറില്‍ ലാല്‍റെംസിയാമിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഇന്ത്യയ്ക്കുള്ള ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. പിന്നാലെ പെനാല്‍ട്ടി കോര്‍ണറിലൂടെ ഗുര്‍ജിത് വീണ്ടും ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം അര്‍ജന്റീന ഗോള്‍കീപ്പര്‍ തട്ടിയകറ്റി. അവസാന മിനിട്ടുകളില്‍ സമനില നേടാനായി പരമാവധി ശ്രമിച്ചെങ്കിലും അര്‍ജന്റീന പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. 

Content Highlights: Tokyo 2020 India women s hockey team on cusp of making history