ടോക്യോ: ഒളിമ്പിക്‌സ് ഫുട്ബോളിന് ബുധനാഴ്ച കിക്കോഫ്. വനിതാ ഫുട്ബോള്‍ മത്സരങ്ങളാണ് ബുധനാഴ്ച തുടങ്ങുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് ബ്രിട്ടന്‍-ചിലി പോരാട്ടത്തോടെ മത്സരവേദി ഉണരും. പുരുഷവിഭാഗം മത്സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. വനിതകളില്‍ ബ്രസീല്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വമ്പന്‍ ടീമുകളും ലോകഫുട്ബോളിലെ സൂപ്പര്‍ താരങ്ങളുമുണ്ട്. എന്നാല്‍, നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി യോഗ്യത നേടിയില്ല. പുരുഷവിഭാഗത്തില്‍ അണ്ടര്‍-24 ടീമുകളാണ് മത്സരിക്കുന്നത്. ഓരോ ടീമിനും മൂന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താം.

വനിതാ വിഭാഗത്തില്‍ 12 ടീമുകള്‍ മത്സരിക്കുന്നു. ഏഴ് വേദികളിലാണ് മത്സരം. ആദ്യദിനത്തില്‍ ആറ് കളികളുണ്ട്. നാലു ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായിട്ടാണ് മത്സരം

മാര്‍ത്ത, ഡെബിന്യ (ബ്രസീല്‍), കാര്‍ലി ലോയ്ഡ്, അലക്‌സ് മോര്‍ഗന്‍, മെഗാന്‍ റാപ്പിനോ (യു.എസ്.), ലൂസി ബ്രൗണ്‍, നികിത പാരീസ്, ഫ്രാന്‍ കിര്‍ബി (ബ്രിട്ടന്‍) തുടങ്ങിയ വമ്പന്‍താരങ്ങള്‍ ടീമിലുണ്ട്.

ആല്‍വസ് മുതല്‍ പെഡ്രിവരെ

പുരുഷവിഭാഗത്തില്‍ 16 ടീമുകള്‍ കളിക്കുന്നു. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ന്യൂസീലന്‍ഡ്, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ വമ്പന്മാര്‍ മത്സരിക്കുന്നു. ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം ഡാനി ആല്‍വസ് മുതല്‍ യൂറോകപ്പിലെ മികച്ച യുവതാരം സ്‌പെയിനിന്റെ പെഡ്രിവരെ ഒളിമ്പിക്‌സില്‍ കളിക്കാനുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ടീമില്‍ പ്രതിരോധനിരതാരം ആല്‍വസിനു പുറമേ വിങ്ങര്‍ റിച്ചാലിസനും ആഴ്‌സനല്‍ മുന്നേറ്റനിരക്കാരന്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുമുണ്ട്. സ്പാനിഷ് ടീമില്‍ മധ്യനിരതാരം പെഡ്രിക് പുറമേ യൂറോകപ്പില്‍ തിളങ്ങിയ ഗോള്‍ കീപ്പര്‍ യുനായ് സിമോണ്‍, പ്രതിരോധനിരക്കാരായ പാവു ടോറസ്, എറിക് ഗാര്‍ഷ്യ, മധ്യനിരയില്‍ റയലിന്റെ ഡാനി സെബല്ലോസ്, മുന്നേറ്റത്തില്‍ മാര്‍ക്കോ അസെന്‍സിയോ, ഡാനി ഒല്‍മോ, മൈക്കല്‍ ഒയര്‍സബാള്‍ എന്നിവരുമുണ്ട്.

ഐവറി കോസ്റ്റ് പ്രതിരോധത്തില്‍ എറിക് ബെയ്ലി, മധ്യനിരയില്‍ ഫ്രാങ്ക് കെസിയെ, മുന്നേറ്റത്തില്‍ അമാദ് ഡിയാലോ എന്നീ പ്രമുഖരുണ്ട്. ജര്‍മനി, ഫ്രാന്‍സ്, അര്‍ജന്റീന ടീമുകളില്‍ സൂപ്പര്‍താരപരിവേഷമുള്ള കളിക്കാര്‍ കുറവാണ്. ആതിഥേയരായ ജപ്പാന്‍ ടീമില്‍ ജപ്പാന്‍ മെസ്സി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടാക്യേഫുസ കുബോയുണ്ട്.

Content Highlights: Tokyo 2020 football matches starts today