ശ്രീജേഷ്, എത്രവര്‍ഷമായി നമ്മള്‍ കാത്തിരിക്കുന്നു, പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് അവസാനം വേണ്ടേ? നീണ്ട വര്‍ഷങ്ങളിലെ കഠിനാധ്വാനത്തിനൊടുവില്‍ മലയാളികള്‍ പലരും ലോകത്തെ പരമോന്നത കായിക വേദിയായ ഒളിമ്പിക്‌സിന്റെ പടിവാതിലില്‍ എത്തി. 

1972-ല്‍ മാനുവല്‍ ഫ്രെഡറിക്‌സ് ഉള്‍പ്പെട്ട ഹോക്കി ടീം വെങ്കലം നേടിയശേഷം കേരളീയര്‍ക്ക് ഒളിമ്പിക്‌സ് വേദിയില്‍ അഭിമാനിക്കാന്‍ ഒരു മുഹൂര്‍ത്തമുണ്ടായിട്ടില്ല. ഇപ്പോള്‍, ഒരു മെഡലിന്റെ തിളക്കം ഞങ്ങളെ പ്രലോഭിപ്പിച്ച് തുടങ്ങി.

ചൊവ്വാഴ്ച രാവിലെ ബെല്‍ജിയത്തെ നേരിടുമ്പോള്‍ നിങ്ങളുടെ ചുമലില്‍ മലയാളികളുടെ, പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്. ലോകത്തെ വമ്പന്‍ ടീമുകള്‍ക്കെതിരായ എത്രയോ മത്സരങ്ങളില്‍ നിങ്ങളിലെ കാവല്‍ക്കാരന്‍ ഇന്ത്യന്‍ ടീമിനെ രക്ഷിച്ചു. എറണാകുളം പള്ളിക്കരയെന്ന ഗ്രാമത്തില്‍നിന്ന് തുടങ്ങി നിങ്ങള്‍ നടന്നുതീര്‍ത്ത വഴികളില്‍ ധീരനായ ഒരു കാവല്‍ക്കാരന്റെ കരുത്തും ദിശ്ചയദാര്‍ഢ്യവുമുണ്ട്. ഒരു മത്സരത്തില്‍ക്കൂടി നിങ്ങളുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് ഇന്ത്യന്‍ ഗോള്‍പോസ്റ്റിന്റെ വാതില്‍ പൂട്ടിയേക്കുക. ഞങ്ങള്‍ക്ക് അതുമതി.

ഹോക്കി സ്റ്റിക്കിനോട് ഇന്ത്യന്‍ പ്രണയം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തുടങ്ങിയതാണ്. 1928 ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമെഡല്‍ നേടി. തുടര്‍ച്ചയായ ആറ് സ്വര്‍ണങ്ങളുമായി 1960 വരെ ആ കുതിപ്പ് തുടര്‍ന്നു. 30 ല്‍ 30 വിജയങ്ങളുമായി അപരാജിതര്‍. 1928 മുതല്‍ 1956 വരെ ഒരു ഗോള്‍ പോലും വഴങ്ങാതെ ഒളിമ്പിക് ചാമ്പ്യന്‍മാരായവര്‍. 2014 വരെ ഏഷ്യന്‍ ചാമ്പ്യന്‍. 1975-ലെ ലോകകപ്പ് വിജയികള്‍.

ഇതിനിടയില്‍ നിറംമങ്ങിയ ചെറിയ കാലം. ഇപ്പോഴിതാ, ലോകവേദികളെ കീഴടക്കി ഇന്ത്യ തിരിച്ചുവരുമ്പോള്‍ ആ വിജയങ്ങളില്‍ നിങ്ങളുടെ വിയര്‍പ്പും സ്വപ്നങ്ങളുമുണ്ടെന്നത് ഞങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. ശ്രീജേഷ്, ഒരു ചുവടുകൂടി. ഒരു മത്സരം കൂടി.

ഞങ്ങള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ ഒരു നിമിഷംകൂടി പകര്‍ന്നു നല്‍കുക. ഈ ആശംസകള്‍കൂടി സ്വീകരിക്കുക... Content Highlights: Tokyo 2020 Fans laud PR Sreejesh over heroic performance