ടോക്യോ: ഒളിമ്പിക് സംഘാടകരെ ആശങ്കയിലാക്കി ഒളിമ്പിക് വില്ലേജില്‍ വീണ്ടും കോവിഡ് ബാധ.

കായിക മാമാങ്കത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചെക്ക് റിപ്പബ്ലിക്ക് ബീച്ച് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരുസിച്ചിനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ചെക്ക് റിപ്പബ്ലിക്ക് ഒളിമ്പിക് ടീം തലവന്‍ മാര്‍ട്ടിക്ക് ഡൊക്‌റ്റൊറാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസവും നടത്തുന്ന കോവിഡ് പരിശോധനയിലാണ് പെരുസിച്ചിന് രോഗം സ്ഥിരീകരിച്ചത്. 

ഒളിമ്പിക് വില്ലേജില്‍ രോഗം ബാധിക്കുന്ന നാലാമത്തെയാളാണ് പെരുസിച്ച്. കഴിഞ്ഞ ദിവസം രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഒരു വീഡിയോ അനലിസ്റ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ തബിസോ മോന്യാനെ, കമോഹെലോ മഹ്ലാത്സി എന്നിവര്‍ക്കാണു കോവിഡ് ബാധ കണ്ടെത്തിയത്. ടീമിന്റെ വിഡിയോ അനലിസ്റ്റ് മാരിയോ മാഷയ്ക്കും രോഗം സ്ഥിരീകരിച്ചു.

Content Highlights: Tokyo 2020 Czech Republic beach volleyball player tests positive Covid-19