ടോക്യോ: കോവിഡ് വ്യാപിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഒഴിവാക്കി നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കായിക താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം കുറയ്ക്കുന്നതിനായി കാര്‍ഡ് ബോര്‍ഡ് കട്ടിലുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒരാളുടെ ഭാരം താങ്ങാവുന്ന തരത്തിലുള്ളതാണ് ഈ കാര്‍ഡ് ബോര്‍ഡ് കട്ടിലുകള്‍. 18000-ത്തോളം കട്ടിലുകളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. 

കായിക താരങ്ങള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നതിനും ലൈംഗിക ബന്ധം തടയുന്നതിനുമാണ് ഈ കട്ടിലുകള്‍ ഒരുക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. ഇതൊരു ബോധവത്കരണമായി കണ്ട് ശാരീരിക അകലം പാലിക്കണമെന്നും സംഘാടകര്‍ കായിക താരങ്ങളോട് ആവശ്യപ്പെടുന്നു. കായിക താരങ്ങള്‍ക്ക് ഗർഭനിരോധനഉറകൾ വിതരണം ചെയ്യുമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

നിലവില്‍ ഒളിമ്പിക് വില്ലേജില്‍ മൂന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് കായികതാരങ്ങൾക്കും ഒരു ഒഫീഷ്യലിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെയെല്ലാം ഹോട്ടലിലേക്ക് മാറ്റി. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ സംഘാടകര്‍ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Tokyo 2020 Cardboard Beds to Prevent Sex Among Athletes Have Rocked the Internet