ടോക്യോ: പുരുഷവിഭാഗം 100 മീറ്ററില്‍ അമേരിക്കയുടെ സുവര്‍ണ പ്രതീക്ഷയായ ട്രിവോണ്‍ ബ്രൊമെല്‍ സെമി ഫൈനല്‍ പട്ടികയില്‍ കടന്നുകൂടി. 

കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഹീറ്റ്‌സില്‍ ബ്രൊമെലിന് 10.05 സെക്കന്‍ഡില്‍ നാലാംസ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കാണ് യോഗ്യത. 

എന്നാല്‍ ബാക്കി അഞ്ചു ഹീറ്റ്‌സും അവസാനിച്ചപ്പോള്‍ പുറത്തായ നാലാം സ്ഥാനക്കാരിലെ മികച്ച സമയമെന്ന മുന്‍ഗണന വെച്ച് അവസാന നിമിഷം താരം കടന്നുകൂടുകയായിരുന്നു.

കഴിഞ്ഞ ജൂണില്‍ 9.77 സെക്കന്‍ഡില്‍ ഓടിയ ബ്രൊമല്‍ ടോക്യോയിലെ വേഗമേറിയ താരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ്.

അമേരിക്കയുടെ ഫ്രെഡ് കെര്‍ലി (9.86), റോണി ബാക്കര്‍ (10.03), ജമൈക്കയുടെ യോഹാന്‍ ബ്ലേക്ക് (10.06), ഒബ്ലിക്യു സെവിയ്യ (10.04) തുടങ്ങിയവര്‍ സെമിയിലെത്തി. ഞായറാഴ്ച വൈകീട്ട് 6.20-നാണ് ഫൈനല്‍.

Content Highlights: Tokyo 2020 Athletics 100m favourite Trayvon Bromell sneaks through as fast loser