ടോക്യോ: അമേരിക്കയുടെ വനിതാ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ് രണ്ട് ഒളിമ്പിക് ഫൈനലുകളില്‍ നിന്നുകൂടി പിന്മാറി.

വാള്‍ട്ടിലും അണ്‍ഈവന്‍ ബാര്‍സിലും മത്സരിക്കില്ലെന്ന് താരം അറിയിച്ചതായി യു.എസ്.എ ജിംനാസ്റ്റിക്‌സ് വ്യക്തമാക്കി. 

നേരത്തെ വ്യാഴാഴ്ച നടന്ന വനിതകളുടെ ഓള്‍-എറൗണ്ട് ഫൈനലില്‍ നിന്നും താരം പിന്മാറിയിരുന്നു. ഇനി നടക്കാനിരിക്കുന്ന ഫ്‌ളോര്‍ എക്‌സര്‍സൈസ് ഫൈനലിലും താരം മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ കഴിഞ്ഞ ചൊവ്വാഴ്ച ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെയാണ് താരം ആദ്യം പിന്മാറുന്നത്. മാനസികാരോഗ്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും താരം അറിയിച്ചിരുന്നു.

2016-ലെ റിയോ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോണ്‍ ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു.

Content Highlights: Tokyo 2020 American gymnast Simone Biles withdraws from 2 more event finals