ടോക്യോ: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വീണ്ടും ലോകറെക്കോഡ്. ഇന്നലെ നടന്ന പുരുഷ ഫൈനലിന് പിന്നാലെ ഇന്ന് നടന്ന വനിതാ മത്സരത്തിലും ലോകറെക്കോഡ് പിറന്നു. അമേരിക്കയുടെ സിഡ്‌നി മക്ലാഫ്‌ലിനാണ് ലോകറെക്കോഡോടെ ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.

51.46 സെക്കന്‍ഡുകൊണ്ടാണ് താരം 400 മീറ്റര്‍ ഹര്‍ഡില്‍സ് മറികടന്നത്. വമ്പന്‍ അട്ടിമറിയിലൂടെയാണ് സിഡ്‌നി ഒന്നാമതെത്തിയത്. നിലവിലെ ലോകചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ അമേരിക്കയുടെ തന്നെ ഡാലിയ മുഹമ്മദിനെ മറികടന്നാണ് സിഡ്‌നി ഒന്നാം സ്ഥാനം നേടിയത്. ഡാലിയ വെള്ളിയും നെതര്‍ലന്‍ഡ്‌സിന്റെ ഫെംകെ ബോല്‍ വെങ്കലവും സ്വന്തമാക്കി.

ഡാലിയ കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തി ലോകറെക്കോഡ് മറികടന്നെങ്കിലും സിഡ്‌നിയുടെ ഒന്നാം സ്ഥാനത്തിന് മുന്നില്‍ അതെല്ലാം ഇല്ലാതായി. നിലവില്‍ 51.90 സെക്കന്‍ഡായിരുന്നു മികച്ച സമയം. ഡാലിയ 51.58 സെക്കന്‍ഡുകൊണ്ട് രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ 51.46 സെക്കന്‍ഡ് കണ്ടെത്തിയ സിഡ്‌നി അത്ഭുത പ്രകടനമാണ് കാഴ്ചവെച്ചത്. 

ഇന്നലെ നടന്ന പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാര്‍സ്‌റ്റെണ്‍ വാര്‍ഹോം ലോകറെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. 45.94 സെക്കന്‍ഡുകൊണ്ടാണ് താരം ലോകറെക്കോഡ് സ്വന്തമാക്കിയത്.

Content Highlights: Sydney McLaughlin shatters women's 400m hurdles world record to win gold